കണ്ണൂര്‍ ആക്രമണവും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആശ്വാസമായി, വിഎസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് എല്‍.ഡി.എഫിന് കനത്ത പ്രഹരമായി
ഞായറാഴ്ച കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ ആക്രമണം അദ്ദേഹത്തിനും സര്‍ക്കാരിനും ആശ്വാസമായി. സോളാര്‍ കേസും വിവാദ ഭൂമി ഇടപാടും ജനവികാരം എതിരായിരുന്നെങ്കിലും കണ്ണൂരിലെ സംഭവം മുഖ്യമന്ത്രിക്കും യു.ഡി.എഫിനും വലിയ അനുഗ്രഹമായി. കേരളും മുഴുവന്‍ ആക്രമണത്തെ അപലപിച്ചു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തതോടെ എല്‍.ഡി.എഫിന് കനത്ത പ്രഹരമായി. ഘടകകക്ഷികളടക്കം സി.പി.എമ്മിനെതിരെ രംഗത്തു വന്നിട്ടുണ്ട്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന രീതിയിലാണ് പിണറായി വിജയനടക്കമുള്ള നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാം.
സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലതെയാണ് ആക്രമണം നടത്തിയത്. പ്രാദേശിക നേതാക്കളും അണികളും ചേര്‍ന്നാണ് കണ്ണൂരില്‍ അക്രമം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവും. കടകംപള്ളി ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്കും ഗണ്‍മാനായിരുന്ന സലിംരാജിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് പുറത്തു കൊണ്ടുവന്നിരുന്നു. കടകംപള്ളി സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതി കേള്‍ക്കുകയും ചെയ്തു. ഭൂമി ഇടപാടില്‍ സര്‍ക്കാരിനെതിരെ കോടതി നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍ എല്‍.ഡി.എഫിന് നല്ല നേട്ടമാണ് ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അതെല്ലാം കണ്ണൂരിലെ സംഭവത്തോടെ കെട്ടടങ്ങിയെന്ന് മുന്നണി നേതാക്കള്‍ രഹസ്യമായി പറയുന്നു.
അതേസമയം മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ വി.എസ് പരസ്യമായി രംഗത്ത് വന്നതോടെ ഔദ്യോഗിക നേതൃത്വം വെട്ടിലായി. അടുത്തിടെ പാര്‍ട്ടിക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനവികാരം മാറ്റിമറിച്ചത് ഔദ്യോഗികപക്ഷമാണെന്ന ആരോപണവുമായി വി.എസ് കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha