ഐ ഗ്രൂപ്പ് യോഗത്തിനിടെ കയ്യാങ്കളി; കെ.പി.സി.സി സെക്രട്ടറി ജയന്തിന് സസ്‌പെന്‍ഷന്‍
കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പ് യോഗത്തിനിടെ ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി സെക്രട്ടറി കെ.ജയന്തിന് സസ്‌പെന്‍ഷന്‍. സംഭവം അന്വേഷിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്‌ണന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നടപടിയെടുത്തത്. മൂന്നു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എം.നിയാസിനെ താക്കീത് ചെയ്‌തിട്ടുമുണ്ട്.
കഴിഞ്ഞ 22ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തിലായിരുന്നു സംഭവമുണ്ടായത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംഭവത്തിന് സാക്ഷിയായിരുന്നു. ചെന്നിത്തലയ്‌ക്ക് പുറമേ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഐ.മൂസ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ.ചാക്കോ തുടങ്ങിയവരും സാക്ഷികളായിരുന്നു.
സംഭവം പാര്‍ട്ടിക്ക് കളങ്കം വരുത്തിയെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുമ ബാലകൃഷ്‌ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha