മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം, കണ്ണൂര്‍ പോലീസിനെ അഴിച്ചു പണിയും
ഘടകകക്ഷി നേതാക്കളെല്ലാം തന്നെ പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും സുരക്ഷ കൂട്ടാന്‍ തീരുമാനം. ഇന്റലിജന്റ്‌സിനും പോലീസിനും വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി.
പോലീസ് ഉന്നതര്‍ക്കെതിരേയുള്ള നടപടി എന്ന നിലയില്‍ കണ്ണൂരിലെ പോലീസിനെ അഴിച്ചു പണിയാനും നിര്‍ദ്ദേശമുണ്ടായി. മുഖ്യമന്ത്രിയ്‌ക്കെതിരേ കല്ലേറ് നടന്ന സംഭവത്തിന് പിന്നാലെ പോലീസിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകമായി വിളിച്ചുവരുത്തിയിരുന്നു.
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിനും മറ്റു മന്ത്രിമാര്‍ക്കും എതിരേ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇടതുമുന്നണി നീക്കം തുടങ്ങിയിരിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആരോപിച്ചു. സിപിഎം ബോധപൂര്‍വം അക്രമം അഴിച്ചു വിടുകയാണെന്നും കണ്ണൂരില്‍ ഡിസിസി ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്ത സംഭവവും മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവവും ഇതാണ് സൂചിപ്പിക്കുന്നതെന്നും എങ്ങിനെയെങ്കിലും ഒരു വെടിവെയ്പ്പ് ഉണ്ടാക്കി വരുന്ന തെരഞ്ഞെടുപ്പില്‍ സഹതാപം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും തങ്കച്ചന്‍ ആരോപിച്ചു.
അക്രമത്തില്‍ നിന്നും സിപിഎം പിന്‍മാറണം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാഷ്ട്രീയ വിശദീകരണം നടത്തും. ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ പങ്കില്ല. ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ അവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കും.
https://www.facebook.com/Malayalivartha