കരിക്കിനേത്ത് ടെക്‌സ്റ്റൈല്‍സ് ജീവനക്കാരന്റെ മരണം കൊലപാതകം
പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈല്‍സ് ജീവനക്കാരന്റെ മരണം കൊലപാതകം. ടെക്‌സ്‌റ്റൈസിലെ കാഷ്യറായിരുന്ന ബിജു പി ജോസഫ്(39) മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബിജുവിനെ ടെക്‌സ്റ്റയില്‍സിന്റെ അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിവരം കടയുടമയാണ് പോലീസിനെ അറിയിച്ചത്. കടയില്‍ മോഷണം നടന്നതായും കാഷ്യറായ ബിജുവിനെ വിഷംകഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി എന്നുമാണ് പോലീസിനോട് കടയുടമ പറഞ്ഞിരുന്നത്.
എന്നാല്‍ കാഷ് കൗണ്ടറില്‍ ഒരുലക്ഷം രൂപ കാണാതായതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് സൂചന. പണത്തെചൊല്ലി കടയുടമയും സഹായികളും ബിജുവിനെ മര്‍ദിച്ചു. ഈ മര്‍ദനങ്ങളാണ് ബിജുവിന്റെ മരണത്തില്‍ കലാശിച്ചത്. മകളുടെ വിവാഹ തിരക്കില്‍പ്പെട്ട കടയുടമ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ടെക്‌സ്റ്റയില്‍സില്‍ വന്ന് കണക്കു നോക്കിയപ്പോഴാണ് ഒരുലക്ഷത്തിന്റെ കുറവ് കണ്ടത്. ഇതേ തുടര്‍ന്ന് ബിജുവിനെ മര്‍ദനമുറകള്‍ പ്രയോഗിച്ച് ചോദ്യം ചെയ്യുകയായിരുന്നു. കടയുടമയുടെ സഹോദരനും ബിജുവിനെ മര്‍ദിച്ചു.
ആന്തരാവയവങ്ങള്‍ക്കേറ്റ ക്ഷതം മൂലമാണ് ബിജു മരിച്ചത്. കൊലപാതകമാണെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ടെക്‌സ്‌റ്റയില്‍സിലെ പന്ത്രണ്ടോളം ജീവനക്കാരെ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കടയുടമയും സഹോദരനും ഒളിവിലാണ്. അതേസമയം കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha