കേരള പോലീസിന്റെ സുരക്ഷയില്‍ ചാള്‍സ് രാജകുമാരനും പത്‌നിയും കൊച്ചിയില്‍ , കുമരകത്ത് താമസം, ഭക്ഷണമൊരുക്കാന്‍ ഇംഗ്ലീഷ് സംഘം
ചാള്‍സ് രാജകുമാരനെയും പത്‌നി കാമില പാര്‍ക്കറെയും സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി. ചാര്‍ട്ടര്‍ വിമാനത്തില്‍ ഇന്ന് ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാജകീയ ദമ്പതികളെ സ്വീകരിക്കാന്‍ സംസ്‌ഥാന ചീഫ് സെക്രട്ടറി, ജില്ലാ കലക്‌ടര്‍, പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവരോടോപ്പം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുമുണ്ടാകും. ഇരുവരും 14വരെ കേരളത്തിലുണ്ടാവും.
ശക്തമായ സുരക്ഷയാണ് ഈ വിഐപികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ചാള്‍സ് രാജകുമാരനും കാമിലയ്‌ക്കും നാല് ദിവസത്തെ സുരക്ഷയ്‌ക്കായി 700 പോലീസുകാരെ നിയോഗിച്ചു. അതിഥികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്‌ഥലങ്ങളും യാത്ര ചെയ്യുന്ന വഴികളും ഇന്നലെ പോലീസ് വാഹനവ്യൂഹം എസ്‌കോര്‍ട്ട് റിഹേഴ്‌സല്‍ നടത്തി. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യേഗസ്‌ഥര്‍, സിറ്റി പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല. വിശിഷ്‌ടാതിഥികള്‍ക്കോപ്പം ഇംഗ്ലണ്ടിലെ മെട്രോപൊളിറ്റന്‍ പോലീസ് സംഘവും ഉണ്ട്.
രണ്ട് ദിവസം കൊച്ചിയില്‍ ചിലവഴിക്കും. ഇന്ന് കേരളാ ഫോക്‌ലോര്‍ മ്യൂസിയം, തീയറ്റര്‍ സന്ദര്‍ശിച്ചശേഷം വില്ലിംഗ്‌ടണ്‍ ഐലന്‍ഡിലെ ഹോട്ടലിലേക്ക് തിരിക്കും. നാളെ വാഴച്ചാല്‍ ഫോറസ്‌റ്റ് റേഞ്ചും അതിരപ്പിള്ളിയും സന്ദര്‍ശിക്കും. വാഴച്ചാലില്‍ ആനകളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അദ്ദേഹം വിലയിരുത്തും. പത്‌നി കാമിലയും സഹോദരന്‍ മാര്‍ക് ഷാന്‍ഡും ആനപ്രേമികളാണ്. ഷാന്‍ഡിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി എലിഫന്റ് ഫാമിലി എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.
ചാള്‍സ് രാജകുമാരന്റെ പിറന്നാള്‍ വ്യാഴാഴ്‌ച കുമരകത്ത് ആഘോഷിക്കാനും പദ്ധതിയുണ്ട്. കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ട്. രാജകീയ ദമ്പതികള്‍ക്കായി ഭക്ഷണം പാകം ചെയ്യുവാന്‍ ഇംഗ്ലണ്ടില്‍ നിന്നും പ്രത്യേക സംഘവും ഉണ്ടാവും. പിറന്നാള്‍ ദിനത്തില്‍ മട്ടാഞ്ചേരി ജൂതപ്പള്ളിയും, ഡച്ച് കൊട്ടാരവും സന്ദര്‍ശിക്കാന്‍ രാജകുമാരനു പദ്ധതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha