പിണറായി പാര്‍ലമെന്ററി രംഗത്തേക്ക് വരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം, കോടിയേരി പുതിയ പാര്‍ട്ടി സെക്രട്ടറി?
നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് നടക്കുന്ന സി.പി.ഐ(എം) പ്ലീനത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ ഒഴിഞ്ഞേക്കുമെന്ന് സൂചന. പിണറായി ഒഴിയുകയാണെങ്കില്‍ കോടിയേരി ബാലകൃഷ്‌ണന്‍ സെക്രട്ടറിയാവും. നാലാമതു തവണയാണ് പിണറായി സെക്രട്ടറി പദത്തിലെത്തിയത്.
ഏരിയാ സെക്രട്ടറി മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവര്‍ പങ്കെടുക്കുന്ന സിപിഎമ്മിന്റെ വിപുലമായ സദസ്സാണ് പാര്‍ട്ടി പ്ലീനം. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കിടയിലുളള ഗുരുതരമായ പ്രവണതകള്‍ ചര്‍ച്ച ചെയ്യാനുള്ളതാണ് പ്ലീനമെങ്കിലും ഇതിനു പാര്‍ട്ടി സെക്രട്ടറിയെ മാറ്റാന്‍ വരെ കഴിഞ്ഞേക്കും. ലാവ്‌ലിന്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ പിണറായി പാര്‍ലമെന്ററി രംഗത്തേക്ക് വരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊതു അഭിപ്രായം രൂപം കൊണ്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തത് പോലെ ധര്‍മ്മടത്ത് നിന്നും പിണറായി നിയമസഭയിലേക്ക് മത്സരിക്കും.
കോടിയേരി ബാലകൃഷ്‌ണന്‍ പാര്‍ട്ടി സെക്രട്ടറിയാവണമെന്നാണ് സിപിഐ(എം) നേതാക്കളുടെ നിലപാട്. പിണറായിക്കും അച്യുതാനന്ദനും കോടിയേരിയോട് എതിര്‍പ്പില്ല. അച്യുതാനന്ദനും പിണറായിയും കഴിഞ്ഞാല്‍ സീനിയര്‍ നേതാവ് കോടിയേരിയാണ്. അതുകൊണ്ടുതന്നെ കോടിയേരിയുടെ പേരായിരിക്കും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.
പാര്‍ലമെന്ററി രംഗത്ത് നിന്ന് പിണറായി 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചാല്‍ വലിയ വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്ന് സിപിഎം നേതൃത്വം വിശ്വസിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍വി ഏറ്റുവാങ്ങിയാല്‍ സംസ്ഥാന മന്ത്രിസഭ തനിയെ താഴെ പോകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടയില്‍ യു ഡിഎഫില്‍ അനൈക്യമുണ്ടാക്കി ഘടകകക്ഷി നേതാക്കളെ രാജി വയ്‌പ്പിക്കാനും സിപിഎം ആലോചിക്കുന്നു.
പാര്‍ലമെന്ററി രംഗം പിണറായി എത്രയും വേഗം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയില്‍ നിന്നും പ്രത്യേക കോടതി വിധിക്കെതിരെ സിബിഐ സ്റ്റേ വാങ്ങാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇത്.
ഡിസംബറില്‍ നടക്കാനിരിക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പ്ലീനത്തിലെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha