അധിക പ്രസംഗം വേണ്ടെന്ന് ജഡ്‌ജിമാരോട് ഹൈക്കോടതി, പൊള്ളയായ കമന്റുകള്‍ പറഞ്ഞ് അധികാരം സ്വയം കുറയ്‌ക്കരുതെന്നും മുന്നറിയിപ്പ്
അധികപ്രസംഗം വേണ്ടെന്ന് ജഡ്‌ജിമാരോട് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്‌ണനും ബാബു മാത്യു പി ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കുറിച്ചിത്താനം സ്വദേശി സി.ജി.ശശീന്ദ്രന്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ് ഉത്തരവ്.
ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് കീഴ് കോടതി ജഡ്‌ജിക്ക് വിനയായി മാറിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ നല്‍കിയ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്നും ഇക്കാലത്ത് ഡോക്‌ടര്‍മാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് പണത്തിനു വേണ്ടിയാണെന്നും ഉത്തരവില്‍ കീഴ്‌കോടതി വ്യക്തമാക്കി.
ഒരു വ്യക്തി ചെയ്യുന്ന കുറ്റത്തിന് ഒരു സമൂഹത്തെ തന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടത്. പ്രൊഫഷണലുകളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാരണം പൊതു സമൂഹം മുഴുവനും കുറ്റക്കാരായി വരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി അധികാരത്തിന്റെ കേന്ദ്രമാണെന്നും ജഡ്‌ജിമാര്‍ക്ക് അധികാരത്തെ കുറിച്ച് ഉത്തമ ബോധ്യം വേണമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പൊള്ളയായ കമന്റുകള്‍ പറഞ്ഞ് അധികാരം സ്വയം കുറയ്‌ക്കരുതെന്നും ഡിവിഷന്‍ ബഞ്ച് മുന്നറിയിപ്പ് നല്‍കി. കോടതിയുടെ പരിഗണനയ്‌ക്ക് വരാത്തവരുടെ വിഷയത്തെകുറിച്ച് അഭിപ്രായം പറയുമ്പോള്‍ സംയമനം പാലിക്കണമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha