തിരുവനന്തപുരം മഴയില്‍ കുതിര്‍ന്നു, മഴയിലും കാറ്റിലും താഴ്ന്ന പ്രദേശങ്ങളും റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനടിയിലായി
ഇന്നലെ രാത്രിമുതല്‍ പെയ്യുന്ന കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. മഴയിലും കാറ്റിലും തലസ്ഥാന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനിടയിലായി.
മഴ അല്‍പം കുറഞ്ഞെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളം കെട്ടി നില്‍പ്പുണ്ട്.
നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞു. വീടുകള്‍ ഭാഗികമായി തകര്‍ന്നു. നാശനഷ്ടങ്ങള്‍ ഉണ്ടെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും കണക്കുകള്‍ ലഭ്യമായിട്ടില്ല. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ മുട്ടുത്തറ, കരിമഠം കോളനി എന്നീ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ഇഞ്ചക്കല്‍, പാറ്റൂര്‍ തുടങ്ങിയ പലപ്രദേശത്തും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കരിമഠം കോളനികളിലെ 50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീരത്തേക്ക് നീങ്ങുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനാല്‍ കേരളത്തിന്റെ തീരപ്രദേശത്ത് 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷ ചൂഴിയും മഴയ്ക്ക് കാരണമാണ്.
https://www.facebook.com/Malayalivartha