കസ്‌തൂരി രംഗന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പൊളിക്കുമോ?
കേരളത്തെ കേള്‍ക്കാതെ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കികൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരള രാഷ്‌ട്രീയത്തില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കും. കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തി രാഷ്‌ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നത്.
കെ.എം.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്-എം കസ്‌തൂരിരംഗനെതിരെ പരസ്യമായി രംഗത്തെത്തിയത് ഒരുപക്ഷേ കേരളത്തില്‍ ഭരണമാറ്റതത്തിനു വരെ ഇടനല്‍കിയേക്കാം. മാണിക്കൊപ്പം സംസ്ഥാനത്തെ മുഴുവന്‍ ക്രൈസ്‌തവ സഭകളും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി കഴിഞ്ഞു. സംസ്ഥാനത്തെ സ്ഥിതി വിശേഷം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇടതുമുന്നണിയും കരുക്കള്‍ നീക്കി കഴിഞ്ഞു. മലയോരമേഖലയില്‍ നാളെ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ വന്‍ വിജയമാക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് എം. റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പാര്‍ലമെന്റ് ധര്‍ണയ്‌ക്കും ഇടതുമുന്നണിയുടെ മാനസിക പിന്തുണയുണ്ട്.
കേരളത്തിന്റെ ആവശ്യം നിരാകരിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരെയാണ് തീരുമാനമെടുത്തത്. കേരളത്തിന്റെ നിലപാട് അറിയുന്നതിനു മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ജനങ്ങളുടെ അവകാശങ്ങള്‍ ചെവിക്കൊള്ളാത്ത സര്‍ക്കാര്‍ എന്തിനുവേണ്ടിയാണെന്ന് തുറന്നു ചോദിക്കാന്‍, ഇടുക്കി രൂപതമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴികാട്ടില്‍ മടിച്ചില്ല.
ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാതെ സര്‍ക്കാരില്‍ നിന്നും ജനപക്ഷത്തുള്ളവര്‍ രാജിവയ്‌ക്കണമെന്നും ഇടുക്കി മെത്രാന്‍ ആവശ്യപ്പെട്ടു. ഇടുക്കിയില്‍ നിഷേധവോട്ട് ചെയ്യുമെന്ന് പറയാനും മെത്രാന്‍ മടിച്ചില്ല.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാതത്തലത്തില്‍ സി.പി.എം. സംസ്ഥാന സമിതി ഉടന്‍ വിളിച്ചു ചേര്‍ക്കും. കസ്‌തൂരിരംഗനെ അനുകൂലിക്കുന്ന പ്രമുഖരില്‍ ഒരാളാണ് അച്യുതാനന്ദന്‍. റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നാല്‍ അച്യുതാനന്ദന് അടിയാകുമെന്നും പിണറായി ലക്ഷ്യമിടുന്നു.
വേണമെങ്കില്‍ കസ്‌തൂരിരംഗനില്‍ പിടിച്ച് കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പുറത്തു വരും. ഇതിന് സഭകളുടെ പിന്തുണ കിട്ടുകയും ചെയ്യും.
സി.പി.എം പ്ലീനത്തിന് കെ.എം.മാണിയെ ക്ഷണിക്കുക വഴി കയര്‍ ഒരു മുഴം നീട്ടിയെറിഞ്ഞ സി.പി.ഐ.എം കസ്‌തൂരിരംഗന്റെ പേരില്‍ ക്രൈസ്‌തവ സമൂഹത്തെ ഒപ്പം നിര്‍ത്താനാണ് ആലോചിക്കുന്നത്. കെ.എം.മാണി തങ്ങള്‍ക്കൊപ്പം വന്നാല്‍ മധ്യതിരുവിതാംകൂറില്‍ നിറഞ്ഞു കളിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. കേരളത്തിന്റെ ആവശ്യം നിരാകരിച്ചത് പ്രതിഷേധമാണെന്ന കെ.എം.മാണിയുടെ പ്രസ്‌താവനയിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha