അനന്തപുരിയില്‍ ഇനി കാഴ്‌ചയുടെ ഏഴ്‌നാള്‍
തിരുവനന്തപുരം : ലോകത്തെ എല്ലാ സംസ്‌കാരങ്ങളുടെയും സമ്മേളനമാണ് നഗരത്തില്‍ ഇനി ഒരാഴ്‌ച. എല്ലാ മണ്ണില്‍ നിന്നുമുളള ചിന്തകളും ദൃശങ്ങളും രാവും പകലും ഇവിടെ പെയ്‌തിറങ്ങും. പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ തിരിതെളിയും. മന്ത്രി കെ.ബി.ഗണേശ്‌കുമാര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കും. മോഹന്‍ലാല്‍ മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്ച് ഹോക്കിന്റെ നിശബ്‌ദചിത്രം ദ റിംഗ് പ്രദര്‍ശിപ്പിക്കും. കലാകാരന്‍മാര്‍ നിശബ്‌ദ ചിത്രത്തെ പുനര്‍ജ്ജനിപ്പിച്ച് പശ്ചാത്തല സംഗീതം അവതരിപ്പിക്കും.
ചലച്ചിത്രപ്രദര്‍ശനങ്ങള്‍ രാവിലെ തന്നെ തുടങ്ങിക്കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി 54 രാജ്യങ്ങളില്‍ നിന്നായി 198 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുളളത്. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്. മെക്‌സിക്കോ,സെനഗല്‍,ചിലി,ഫിലിപ്പൈന്‍സ്,ഇറാന്‍,ജപ്പാന്‍,തുര്‍ക്കി,അല്‍ജീരിയ,തുടങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യന്‍ ചിത്രങ്ങളും മത്സരിക്കുന്നു. നിതിന്‍ കക്കര്‍ സംവിധാനം ചെയ്‌ത ഫിലിമിസ്ഥാനും,കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി.യും ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികളും ജോയിമാത്യുവിന്റെ ഷട്ടറും സുവര്‍ണ ചകോരത്തിനായി മത്സരിക്കുന്നു. സല്‍മാന്‍ റുഷ്‌ദിയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രനെ അധികരിച്ച് ദീപാമേത്ത ഇതേ പേരിലെടുത്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനവും ഈ മേളയിലുണ്ട്.
ശ്രദ്ധേയരായ 24 വനിതാ സംവിധായകരുടെ 25 ചിത്രങ്ങള്‍ മേളയുടെ പ്രത്യേകതയാണ്. ഹെലേന ഇഗ്നസ്,ബെല്‍മിന്‍ സോയല്‍യമസ്,സുമിത്രാ ഭാവെ,അജിത് സുചിത്രവീര,മരിയാം അബൗ അൗഫ് ,റേച്ചല്‍ പെര്‍ക്കിന്‍സ്,ദീപാമേത്ത എന്നിവരുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹം അഭിനയിച്ച ആറ് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്
https://www.facebook.com/Malayalivartha