തലസ്ഥാനത്തിന്റെ മുഖം മാറ്റാന്‍ വിവിധോദ്ദേശ ഗതാഗതപദ്ധതി
തിരുവനന്തപുരം :നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പായാല്‍ അനുബന്ധമായി നടപ്പാക്കുന്ന ഗതാഗതപുനരുദ്ധാരണങ്ങള്‍ തലസ്ഥാന നഗരത്തിന്റെ ഗതാഗത-വിനോദസഞ്ചാരമേഖലയ്‌ക്ക് മുതല്‍ക്കൂട്ടാകും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന് സമീപത്തായി തുടങ്ങുന്ന അതിവേഗ റെയില്‍ കോറിഡോര്‍ വിമാനത്താവളത്തിലേക്കുളള യാത്രികര്‍ക്ക് പ്രയോജനപ്പെടുത്തും വിധമുളള സൗകര്യങ്ങള്‍ ഒരുക്കുന്ന വിവിധോദ്ദേശ ഗതാഗത പദ്ധതികളെ സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതരും തമ്മില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. റെയില്‍ കോറിഡോറിന്റെ തുടക്കം വിമാനത്താവള പരിസരത്ത് നിന്നായാല്‍ സംസ്ഥാനത്തിന് ഏറെ നേട്ടമാകുമെന്നാണ് ഡിഎംആര്‍സി അധികൃതരുടെ അഭിപ്രായം.നേരത്തെ ഇത് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങാമെന്നായിരുന്നു ധാരണ. വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പരിസരത്ത് നിന്ന് അതിവേഗ റെയില്‍ ഇടനാഴി ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനത്താവള ഡയറക്‌ടര്‍ വി.എന്‍.ചന്ദ്രന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ അഭിപ്രായം തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രസ്‌തുത പദ്ധതിയിലൂടെ സംസ്ഥാനത്ത് ഏറെ ഗതാഗത സൗകര്യങ്ങള്‍ ഉണ്ടാക്കാനാകുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. റെയില്‍,വ്യോമ,റോഡ്,കടല്‍, ഉള്‍നാടന്‍ ജലഗതാഗത സൗകര്യങ്ങള്‍ ഫലപ്രദമായി ഇവിടെ വിനിയോഗിക്കാമെന്ന് പദ്ധതിയുടെ കരട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി വിവരിച്ച് കൊണ്ട് വിമാനത്താവള അധികൃതര്‍ ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. പുതിയ ടെര്‍മിനലില്‍ നിന്ന് 500 മീറ്റര്‍ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന പാര്‍വതി പുത്തനാര്‍ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. ടെര്‍മിനലിനടുത്തായി ഒരു ബോട്ട് ജെട്ടി കൂടി പണിയേണ്ടി വരും. ആറ് റ്വരിയുളള മേല്‍പ്പാലം പണിതാല്‍ ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനാകും. ഒപ്പം ഒരു അപ്രോച്ച് റോഡും വേണ്ടി വരും. പാര്‍വതി പുത്തനാറിലെ മാലിന്യങ്ങള്‍ നീക്കി അത് ഗതാഗത യോഗ്യമാക്കുന്നതോടെ ഇവിടെ നിന്ന് സമീപങ്ങളിലേക്കുളള വിനോദസഞ്ചാര മേഖലകളിലേക്കും വേഗത്തില്‍ എത്തിച്ചേരാനാകും. കോവളം-ചാക്കാ ഭാഗത്തേക്കുളള ഗതാഗത സൗകര്യത്തിനും ഇത് ഉപയോഗപ്പെടുത്താം. ഇത് വിദേശികള്‍ക്കുളള ഉല്ലാസബോട്ട് യാത്രയ്‌ക്കും കായല്‍ സൗന്ദര്യം ആസ്വദിക്കാനും കോവളം റിസോര്‍ട്ടിനും ഏറെ ഗുണകരമാകും.
https://www.facebook.com/Malayalivartha