മണിക്ക് സംഭവിച്ചതെന്ത്? ഊരിയെറിഞ്ഞ ബ്രേസ്‌ലെറ്റ് അഞ്ചര പവനും ബാക്കി ഇരുമ്പുമാണെന്ന മണിയുടെ വാദം പൊളിഞ്ഞു, 22.5 പവനും പുതിയ സ്വര്‍ണം, സ്വര്‍ണക്കടത്തു കേസില്‍ മണിയും കുടുങ്ങും
ആതിരപ്പള്ളിയില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ മണി തല്ലിയതിന്റെ പൊല്ലാപ്പുകള്‍ മാറിയിട്ട് അധിക നാളായില്ല. അതിനുമുമ്പ് ദേ എയര്‍പ്പോര്‍ട്ടിലും മണിമുഴങ്ങി.
വിദേശ പര്യടനം കഴിഞ്ഞ് ഇന്ന് രാവിലെയാണ് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കലാഭവന്‍ മണിഎത്തിയത്. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് സജീവമായി നടക്കുന്നതിനാല്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നതരായ പല ഉദ്യോഗസ്ഥരും നേരത്തേ കുടുങ്ങിയതിനാല്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ക്ക് പേടിയുമാണ്. അതിനാല്‍ തന്നെ ഏത് വിവിഐപിയായാലും പരിശോധിക്കാതെ വിടേണ്ട എന്നാണ് കസ്റ്റംസുകാരുടെ തീരുമാനവും.
സിനിമാക്കാരും സ്വര്‍ണക്കടത്ത് ലോബിയുമായുള്ള ബന്ധവും ഇതിനോടകം പുറത്തു വന്നതാണ്. അതിനാല്‍ വിദേശത്ത് നിന്നുവരുന്ന സെലിബ്രിറ്റികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന രഹസ്യ നിര്‍ദ്ദേശവുമുണ്ട്. വിദേശത്ത് നിന്നും മടങ്ങുന്ന പുരുഷന് രണ്ടര പവന്റെ സ്വര്‍ണവും (അമ്പതിനായിരത്തില്‍ താഴെ) സ്‌ത്രീക്ക് 5 പവന്റെ സ്വര്‍ണവും (ഒരു ലക്ഷത്തില്‍ താഴെ) മാത്രമേ കൊണ്ടു വരാന്‍ പാടുള്ളൂ. അധികം സ്വര്‍ണം കൊണ്ടു വന്നാല്‍ 35 ശതമാനം നികുതി അടയ്‌ക്കണം. മാത്രമല്ല ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയിരിക്കുകയും വേണം. വിദേശത്ത് പോകുമ്പോള്‍ കൂടുതല്‍ സ്വര്‍ണം ധരിച്ചിരുന്നെങ്കില്‍ പോകുന്ന സമയത്ത് അതിന്റെ തെളിവുകള്‍ കസ്റ്റംസിന് നല്‍കിയിരിക്കണം. അല്ലെങ്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടുപോകും.
ഈയൊരു പശ്ചാത്തലത്തിലാണ് കലാഭവന്‍ മണി ഇന്ന് രാവിലെ ആഘോഷ പൂര്‍വം നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്.
മറ്റുള്ളവരോടൊപ്പം കലാഭവന്‍ മണിയും കസ്റ്റംസ് പരിശോധനയ്‌ക്ക് വിധേയനായി. ശരീരത്തിലോ ബാഗിലോ അനധികൃതമായി ഒന്നുമില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ കൈയ്യില്‍ കിടക്കുന്ന കട്ടിയുള്ള ബ്രേസ്‌ലെറ്റ് വള കണ്ടത്. വള പരിശോധിക്കണമെന്ന് മണിയോട് കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് താന്‍ സ്ഥിരം ഉപയോഗിക്കുന്ന ബ്രേസ്‌ലെമാണെന്നും വെറും അഞ്ചര പവന്‍ മാത്രമേയുള്ളെന്നും വളയുടെ അകത്ത് ഇരുമ്പാണെന്നും മണി ആവര്‍ത്തിച്ചു. സംശയമുണ്ടെങ്കില്‍ കാന്തം വച്ച് പരിശോധിക്കാമെന്നായി മണി. എന്നാല്‍ ബ്രേസ്‌ലെറ്റ് സൂക്ഷ്‌മമായി പരിശോധിക്കണമെന്നായി കസ്റ്റംസ്. ഇതോടെ മണിക്ക് ദേഷ്യം വരികയും സിനിമാ സ്റ്റൈലില്‍ തട്ടിക്കേറുകയും ചെയ്‌തു. സര്‍ക്കാരിന്റെ കസ്റ്റംസുകാരല്ലേ അവരുണ്ടോ വിടുന്നു. കസ്റ്റംസിനും വാശിയായി. അതോടെ ബ്രേസ്‌ലെറ്റ് ഉരി കസ്റ്റംസിന് മുമ്പിലിട്ട് മണി നടന്നു പോകുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസ് കൂടുതല്‍ പരിശോധനയ്‌ക്ക് ബ്രേസ്‌ലെറ്റ് വിധേയമാക്കി.
ഇതിനിടയ്‌ക്ക്, വനംവകുപ്പും കസ്റ്റംസും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്ന് മണി ചാനലുകളോട് പറഞ്ഞു. ഇത് താന്‍ സ്ഥിരമായി ധരിക്കുന്ന അഞ്ചരപ്പവന്റെ വളയാണ്. ബ്രേസ്‌ലെറ്റ് താന്‍ ഊരിയെറിഞ്ഞതല്ല. അവര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയതാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും മണി പറഞ്ഞു.
അപ്പോഴേക്കും മണിയുടെ ബ്രേസ്‌ലെറ്റിന്റെ പരിശോധനാഫലം വന്നു. ഇതോടെ മണിയുടെ വാദം പൊള്ളയായി മാറി. മണി പറഞ്ഞതു പോലെ അഞ്ചരപ്പവന്റെ സ്വര്‍ണവും ബാക്കി ഇരുമ്പുമായിരുന്നില്ല. പുതിയ തനി 22 കാരറ്റ് സ്വര്‍ണം. 181 ഗ്രാം അതായത് 22.5 പവനില്‍ കൂടുതലുള്ള സ്വര്‍ണം. ഇതോടെ മണി കൂടുതല്‍ കുരുക്കില്‍ പെട്ടിരിക്കുകയാണ്. ബ്രേസ്‌ലെറ്റ് കണ്ടുകെട്ടാതിരിക്കാനുള്ള കാരണം കാണിക്കാന്‍ മണിയോട് രേഖാമൂലം കസ്റ്റംസ് ആവശ്യപ്പെട്ടു കഴിഞ്ഞു. മണി നേരിട്ട് ഹാജരാകണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മണിക്ക് സ്വര്‍ണം സ്വന്തമാക്കണമെങ്കില്‍ ഒന്നുകില്‍ മതിയായ രേഖകള്‍ നല്‍കണം. അല്ലെങ്കില്‍ വന്‍തുക നികുതിയും പിഴയുമായി അടച്ച് ബ്രേസ്‌ലെറ്റ് വിണ്ടെടുക്കാം. ഇനി പണമടയ്‌ക്കാന്‍ മണി മെനക്കെടാതെ, കണ്ടു കെട്ടട്ടേ എന്നു വിചാരിച്ചാലും, അതിനുപുറകേ സ്വര്‍ണം കടത്തിയതിന് കേസും വരും.
ഇന്നത്തെ ഒരു പവന്‍ റേറ്റ് 22680 രൂപയാണ്. ആ നിലയ്‌ക്ക് മണിയുടെ കൈവശമുള്ള 22.5 പവന് അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വിലവരും. ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് മണി കഴിയാത്തതിനാല്‍ അമ്പതിനായിരം രൂപയുടെ സ്വര്‍ണം കൈവശം വയ്‌ക്കാവുന്ന നിയമം പോലും മണിക്ക് ബാധകമല്ല. അപ്പോള്‍ ഈ അഞ്ചുലക്ഷത്തിന്റെ സ്വര്‍ണത്തിനും മണി സമാധാനം പറയണം. പണ്ടത്തെപ്പോലെ ശുപാര്‍ശ ചെയ്‌ത് കസ്റ്റംസുകാരില്‍ നിന്നും രക്ഷ നേടാന്‍ ആര്‍ക്കുമാവില്ല. കാരണം ശുപാര്‍ശ നടത്തിയ ഉന്നത ഉദ്യോഗസ്ഥരെല്ലാം പിടിയിലായിട്ട് അധികനാളായില്ല. അതിനാല്‍ തന്നെ ശുപാര്‍ശ ചെയ്യാന്‍ ഉടനെ ആരും തയ്യാറാവുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ കലാഭവന്‍ മണി തികച്ചും വെട്ടിലായിരിക്കുകയാണ്. ആരും രക്ഷിക്കാനില്ലാതെ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha