ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം, പ്രതികള്‍ ഫേസ്‌ബുക്കില്‍ സജീവം; ആഭ്യന്തരമന്ത്രി ചൊവ്വാഴ്‌ച ജയില്‍ സന്ദര്‍ശിക്കും
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും അതുവഴി ഫേസ്‌ബുക്കില്‍ ഇവര്‍ സജീവവുമാണ്. കിര്‍മാണി മനോജ്, കൊടി സുനി, ഷാഫി തുടങ്ങിയ പ്രതികള്‍ ഫേസ്‌ബുക്കില്‍ സജീവമായി പോസ്‌റ്റുകള്‍ ഇടുകയും കമന്റിടുകയുമൊക്കെ ചെയ്യുന്നുണ്ട്. കൂടാതെ ജയിലില്‍ നിന്നുള്ള ഫോട്ടോകളും ഇവര്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
വിചാരണക്കാലയളവില്‍ എടുത്ത ചിത്രങ്ങളാണ് ഫെയ്‌സ് ബുക്കിലുള്ളത്. പ്രതികള്‍ പരസ്പരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജയിലിനകത്ത് ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലുണ്ട്.
ചെഗുവേരയുടെ ഫോട്ടോകളാണ് എല്ലാവരും തങ്ങളുടെ പ്രോഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിരിക്കുന്നത്. പ്രതികള്‍ ജയിലില്‍ ബര്‍മൂഡയും കൂളിംഗ് ഗ്ലാസും ഉപയോഗിക്കുന്നുവെന്നും ഫെയ്‌സ് ബുക്ക് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ടി പി പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
‘ഞങ്ങള്‍ പോണ്ടിച്ചേരിക്കാര്‍ക്ക് കേരള ജനതയോട് അസൂയ തോന്നുന്നു, നിങ്ങള്‍ക്ക് ഒരു മഹാനായ മുഖ്യമന്ത്രിയെ കിട്ടാന്‍ പോവുന്നു എന്ന് അറിഞ്ഞത് മുതല്‍, വിപ്ലവം വിജയിക്കട്ടെ സഖാവ് പിണറായി സിന്ദാബാദ്” എന്ന സ്റ്റാറ്റസ് കിര്‍മാണി മനോജ് ഷെയര്‍ ചെയ്തിട്ടുണ്ട്.
ഒരു മനുഷ്യനെ ക്രൂരമായി കൊന്ന ആള്‍ക്കാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നത്. കേസ് അട്ടമറിക്കപ്പെടാന്‍ വരെ സാധ്യതയുള്ളതായി ആശങ്കപ്പെടുന്നുവെന്നും ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ പ്രതികരിച്ചു. ജയില്‍വകുപ്പ് ഭരിക്കുന്നത് പിണറായി വിജയനാണോയെന്ന് ആര്‍എംപി നേതാവ് ഹരിഹരന്‍ ചോദിച്ചു. സിപിഐഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചൊവ്വാഴ്‌ച കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിക്കും. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ ആഭ്യന്തരമന്ത്രി നിയോഗിച്ചു. വിഷയത്തില്‍ ജയില്‍ ഡി.ജി.പിയോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha