പാലക്കാട് ടീമിന് ജന്മനാട്ടില്‍ ആവേശഭരിതമായ സ്വീകരണം
പാലക്കാട് : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി കിരീടം ചൂടിയ പാലക്കാട് ടീമിന് ജന്മനാട്ടില്‍ ആവേശോജ്വലമായ വരവേല്‍പ്പ്. രാവിലെ അമൃത എക്‌സ്‌പ്രസില്‍ പാലക്കാട് ജംഗ്‌ഷന്‍ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ ടീമംഗങ്ങളെ കൊട്ടുംകുരവയുമായാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്ക് കുട്ടികളെ ജാഥയായി ആനയിച്ചു.
എം.ബി.രാജേഷ് എംപി, ഷാഫി പറമ്പില്‍ എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍,ജില്ലാകളക്‌ടര്‍ പി.എം.അലി അസര്‍ പാഷ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ എ.ഗീത,രാജ്യാന്തര അത്‌ലറ്റ് പ്രീജ ശ്രീധരന്‍,മുന്‍ രാജ്യാന്തര അത്‌ലറ്റ് സി.ഹരിദാസ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ താരങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ്,യുവമോര്‍ച്ച തുടങ്ങിയ യുവജനസംഘടനകളും കായികതാരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ചടങ്ങില്‍ മധുരപലഹാരങ്ങളും വിതരണം ചെയ്‌തു.പറളി,മുണ്ടൂര്‍,കല്ലടി സ്‌കൂളുകള്‍ക്ക് മള്‍ട്ടി ജിംനേഷ്യം സ്ഥാപിക്കാന്‍ എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് എം.ബി.രാജേഷ് എംപി പ്രഖ്യാപിച്ചു. പാലക്കാട് മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ 2.45 കോടി രൂപ ചെലവിട്ട് ഒരു കൊല്ലത്തിനകം സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു. ദേശീയ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് സൗജന്യമായി സ്‌പൈക്ക് നല്‍കുമെന്നും ഷാഫി പറഞ്ഞു.
https://www.facebook.com/Malayalivartha