കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഭായ്‌ഭായ്
സര്‍ക്കാരും പോലീസും പ്രതിപക്ഷവും ഒത്തുകളിക്കുന്നതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തു വരുന്നു. ഇരുമ്പയിര് ഖനനത്തിനുള്ള സര്‍വേക്ക് അനുമതി നല്‍കിയ മുന്‍മന്ത്രി എളമരം കരീമിനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായില്ല. ടി.പിചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ ജയിലിലും കോടതിയിലും ആധുനിക മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറും ഉപയോഗിച്ചിട്ടും നടപടിയില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതിയായ കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ളവരാണ് ജയില്‍ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌തത്. വിചാരണ വേളയിലുള്ള ചിത്രങ്ങളും ഫേസ്‌ബുക്ക് അക്കൗണ്ടിലുണ്ട്. പോലീസും ജയില്‍ അധികൃതരും തമ്മില്‍ ഉറ്റബന്ധമില്ലെങ്കില്‍ ഇത്രയധികം ചിത്രങ്ങള്‍ പകര്‍ത്താനാവില്ല. ജയിലില്‍ ആധുനിക മൊബൈല്‍ ഫോണും ടാബ്‌ലറ്റും പ്രതികള്‍ ഉപയോഗിക്കുന്നുവേണം കരുതാന്‍. ടീഷര്‍ട്ടും ബര്‍മൂഡയുമണിഞ്ഞ് കോളേജ് കുമാരന്റെ മട്ടിലാണ് കിര്‍മാണി മനോജ് ഫേസ്‌ബുക്കില്‍ നിറയുന്നത്. കൊടി സുനി, എം.സി.അനൂപ് തുടങ്ങി ടി.പി. വധക്കേസിലെ പ്രതികള്‍ക്കെല്ലാം ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ട്. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഒന്നുകില്‍ ജയിലില്‍ ഇവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു. ഇല്ലെങ്കില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രംഗത്തു വന്നു. എന്നാല്‍ ഇത്തരത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടുകള്‍ സാധാരണ സമര്‍പ്പിക്കപ്പെടാറില്ല.
ഇരുമ്പയിര് ഖനന സര്‍വേക്ക് വേണ്ടി എളമരം കരീം അഞ്ച് കോടി കോഴ വാങ്ങിയതായുള്ള ആരോപണത്തെകുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഖനനസര്‍വേക്കുള്ള അനുമതി റദ്ദാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്‌തത്. അന്വേഷണം നടത്തണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും കൈയോര്‍ത്ത് നടത്തുന്ന ഭരണം കണ്ട് ഭരണമുന്നണിയിലെ പ്രമുഖര്‍ പോലും അതൃപ്‌തരാണ്.
https://www.facebook.com/Malayalivartha