ജയിലിലെ അഴിഞ്ഞാട്ടം കോടതി കൂടി അറിയട്ടേയെന്ന് തിരുവഞ്ചൂര്‍ , പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റും, മന്ത്രിയ്‌ക്കൊപ്പം ജയിലില്‍ കടന്ന ഡിസിസി പ്രസിഡന്റിനെ പുറത്താക്കി
ജയിലിലെ അഴിഞ്ഞാട്ടം കോടതി കൂടി അറിയട്ടേയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ടിപി കേസിലെ പ്രതികള്‍ റിമാന്‍ഡ് പ്രതികളാണെന്നും ജയില്‍ മാറ്റത്തിന് കോടതിയുടെ അനുമതി തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്‌ബുക്ക് വിവാദത്തോടെ ശ്രദ്ധ നേടിയ കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിപി, ജയില്‍ ഡിജിപി, ഹോം സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് ഇതു പരിശോധിക്കുക.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം ജയിലില്‍ പ്രവേശിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെസി അബുവിനെ ജയിലില്‍ നിന്നും പുറത്താക്കി. അബു ജയിലില്‍ പ്രവേശിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.
ടി പി വധക്കേസ് പ്രതികളുടെ ചട്ടലംഘനം സംബന്ധിച്ച് കോഴിക്കോട്ട് ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി ജയില്‍ സന്ദര്‍ശിച്ചത്. യോഗത്തിലേക്ക് പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനെയും വിളിച്ചുവരുത്തി. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനു പുറമെ ഇന്റലിജന്‍സ് വിഭാഗം മേധാവി സെന്‍കുമാറും യോഗത്തില്‍ പങ്കെടുത്തു. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. ടി പി കേസിലെ പ്രതികള്‍ ചട്ടങ്ങള്‍ ലംഘിച്ച് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു യോഗം.
https://www.facebook.com/Malayalivartha