ഡോക്ടര്‍മാരുടെ വ്യാജ ലെറ്റര്‍പാഡുകളും സീലുകളും ഉപയോഗിച്ച് മയക്കാനുള്ള മരുന്ന് വാങ്ങി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പൊലീസ് പിടിയില്‍
ഡോക്ടര്‍മാരുടെ വ്യാജ ലെറ്റര്‍പാഡുകളും സീലുകളും ഉപയോഗിച്ച് മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ കാരുണ്യ, എസ്.എ.ടി ഫാര്‍മസികളില്‍ നിന്ന് മയക്കാനുള്ള മരുന്ന് വാങ്ങി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി.
ആദ്യം പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒരാളെ പിടിച്ചിരുന്നു. പിന്നീട് വീണ്ടും അന്വേഷണം നടത്തി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ആറ്റിപ്ര മണ്‍വിള സെറ്റില്‍മെന്റ് കോളനി പുളിമുട്ടം വീട്ടില്‍ ഓട്ടോ ഡ്രൈവര്‍ നവാസ്, കൊല്ലം കൊട്ടാരക്കര ചെറുവല്ലൂര്‍ കിഴക്കേവീട്ടില്‍ അനീഷ്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളജിന് സമീപം മാര്‍വല്‍ വീട്ടില്‍ ഓട്ടോ ഡ്രൈവര്‍ ജയ്‌സണ്‍ എന്നിവരാണ് പിടിയിലായത്. പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിയാണ് പിടിയിലായ അനീഷ്. നഗരത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍.
പിടിയിലായവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അനീഷിന്റെ മുറിയില്‍ നിന്ന് സിറിഞ്ചുകളും ആമ്പ്യൂളുകളും കണ്ടെടുത്തു.
ശസ്ത്രക്രിയ നടത്തുമ്പോള്‍ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന ബുപ്രിജസിക് എന്ന മരുന്നാണ് ഇവര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വ്യാജ ലെറ്റര്‍പാഡും സീലും തയാറാക്കി തട്ടിയെടുത്തിരുന്നത്.
15 രൂപ വിലയുള്ള മരുന്ന് അടിച്ചാല്‍ നാലും അഞ്ചും മണിക്കൂര്‍ ലഹരി ലഭിക്കും. ഡോക്ടറുടെ രണ്ട് കുറിപ്പടികള്‍ ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഈ മരുന്ന് നല്‍കാറുള്ളൂ. ഒരു കുറിപ്പടി ഫാര്‍മസിയില്‍ സൂക്ഷിക്കുകയും മറ്റൊന്ന് രോഗിക്ക് തിരികെ നല്‍കുകയും ചെയ്യുകയാണ് പതിവ്. കുറിപ്പടിയും ബില്ലുമില്ലാതെ ഈ മരുന്ന് കൈവശം വെച്ചാല്‍ ആറു മാസം വരെ നാര്‍ക്കോട്ടിക് നിയമം അനുസരിച്ച് തടവ് ശിക്ഷ ലഭിക്കും.
വില കുറച്ച് സാധനം ലഭിക്കുന്നതിനാല്‍ ആവശ്യക്കാര്‍ കൂടുതലാണ്. മെഡിക്കല്‍ കോളജിലെ ന്യായവില മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമാണ് ഈ മരുന്ന് ലഭിക്കുക. മെഡിക്കല്‍ കോളജിന് സമീപത്തെ ഒരു ലോഡ്ജില്‍ താമസിച്ചാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച നവാസ് കുറിപ്പടിയുമായി എസ്.എ.ടി ഫാര്‍മസിയിലെത്തിയപ്പോള്‍ ഫാര്‍മസിസ്റ്റിന് സംശയം തോന്നി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ ഫോണ്‍ കാളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മറ്റ് രണ്ടുപേര്‍ കൂടി പിടിയിലായത്. മെഡിക്കല്‍ കോളജിലെ ഒരു മെയില്‍ നഴ്‌സും സീല്‍ ഉണ്ടാക്കി നല്‍കിയവരും കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. ഈഞ്ചയ്ക്കലിലെ ഒരു കടയിലാണ് വ്യാജ സീല്‍ നിര്‍മിച്ചത്.
https://www.facebook.com/Malayalivartha