ഉപരോധം തിരുവനന്തപുരത്ത്, കണ്ണൂരില്‍ തകൃതിയായി ജനസമ്പര്‍ക്കം, 298 അപേക്ഷകര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ സുരക്ഷയൊരുക്കുന്നത് 3500 പോലീസുകാര്‍
മുഖ്യമന്ത്രിക്ക് നേരെ നടന്ന കല്ലേറിനു ശേഷം നടക്കുന്ന കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടിക്ക് ശക്തമായ സുരക്ഷ. ജനസമ്പര്‍ക്കപരിപാടിയിലേക്കു പരാതി നല്‍കിയ 298 പേരെ നേരിട്ടു കാണാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത് 3500 പോലീസുകാരെ. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ്‌ഹൗസ് ഉപരോധം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
കണ്ണൂരിലെ ജനസമ്പര്‍ക്കപരിപാടിക്ക് 63 ലക്ഷം രൂപ ചെലവു വരുമെന്നാണു പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണക്ക്. എന്നാല്‍ ചെലവ് ഒരു കോടി രൂപ കടക്കുമെന്നാണു സൂചന.
മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്കപരിപാടിയില്‍ അവസാനത്തേതാണു കണ്ണൂരിലേത്. കണ്ണൂരില്‍ ആകെ ലഭിച്ചത് 5989 പരാതികളാണ്. ഇതില്‍ 5691 പരാതികളില്‍ ജില്ലാ കലക്‌ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുള്ള ഉദ്യോഗസ്‌ഥര്‍ പരിഹാരം കണ്ടു. ഇവര്‍ക്കു പരിഹാരം കാണാനാകാത്ത 298 പേരുടെ പരാതിയാണ് മുഖ്യമന്ത്രിയുടെ മുമ്പിലെത്തുന്നത്.
അപേക്ഷ കൊടുക്കാന്‍ കഴിയാതിരുന്ന ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ കാണണമെങ്കില്‍ കനത്ത പോലീസ് പരിശോധനയ്‌ക്ക് വിധേയരാകണം.
മറ്റു ജില്ലകളില്‍ തുറന്ന മൈതാനത്തു പന്തല്‍ തീര്‍ത്താണു ജനസമ്പര്‍ക്ക പരിപാടി നടന്നതെങ്കിലും കണ്ണൂരില്‍ സുരക്ഷിതമായ സ്‌റ്റേഡിയത്തിനുള്ളിലാണു പന്തല്‍ ഒരുക്കിയത്. സ്‌റ്റേഡിയത്തിനുള്ളിലേക്കു ദേഹപരിശോധന നടത്തിയശേഷമേ കടത്തിവിടൂ. കറുത്ത തുണിയോ ടൗവലോ കൊണ്ടുവന്നാല്‍ പരാതിക്കാരനാണെങ്കിലും പിടിയിലാകും.
ആറ് എസ്.പിമാരുടെ കീഴില്‍ 30 ഡിവൈ.എസ്.പിമാര്‍ക്കാണു സുരക്ഷാച്ചുമതല. 36 സി.ഐമാര്‍, 178 എസ്.ഐമാര്‍, അഡീഷണല്‍ എസ്.ഐ. മുതല്‍ പോലീസുകാര്‍ വരെയുള്ള 2251 പേര്‍, 120 വനിതാ സീനിയര്‍- സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണു സുരക്ഷയ്‌ക്കായി അണിനിരക്കുന്നത്. മാവോയിസ്‌റ്റുകള്‍ക്കായി വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട് ടീം തെരച്ചില്‍ നിര്‍ത്തി കണ്ണൂരിലെത്തി. ക്വിക്ക് റെസ്‌പോണ്‍സ് ടീമും സജ്‌ജമായി. 700 പോലീസുകാരുടെ ഡ്യൂട്ടി സ്‌റ്റേഡിയത്തിന് അകത്തു തന്നെയാകും. ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍. ശങ്കര്‍ ഡെഡ്‌ഡിയാണ് സുരക്ഷാനടപടികള്‍ നിയന്ത്രിക്കുന്നത്.
സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള മേഖല അതിസുരക്ഷാമേഖലയാക്കി പോലീസ് പ്രഖ്യാപിച്ചു. ഇതിനകത്തേക്ക് ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കടത്തിവിടൂ.
ഇന്നലെ രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി റെയില്‍വേസ്‌റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയില്‍ ജനസമ്പര്‍ക്ക വേദിക്ക് തൊട്ടടുത്ത ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് താമസിച്ചത്. ഇവിടെ നിന്നും റോഡുകളിലൂടെയല്ലാതെ തന്നെ വേദിയിലെത്താം എന്നതിനാലാണ് പോലീസ് ഇത്തരത്തില്‍ സംവിധാനമൊരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha