പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം: പൊലീസിന് വീഴ്ച
വലിയതുറയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വിജയന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ചപറ്റിയെന്ന് സ്ഥിരീകരിക്കുന്നത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വലിയതുറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ഐ സജിന്‍ ലൂയിസ്, ക്രൈം എസ്.ഐ, ജി.ഡി ചുമതലയുള്ള എസ്.ഐ, ഒരു പൊലീസുകാരന്‍ എന്നിവര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പിയുടെ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കി. വീടിനുനേരെ ഗുണ്ടാ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാന്‍ തയാറായില്ല.
പരാതി പറയാന്‍ ചെന്ന പിതാവിനെ മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഡി.ജി.പി ഇടപെട്ട് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വിജയന്‍ അന്വേഷണം നടത്തിയത്. പെണ്‍കുട്ടികളുടെ അച്ഛനെ 48 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചതും തെറ്റാണെന്നും അക്രമികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ വെച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അന്വേഷിച്ച് ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല.
ഇക്കാര്യങ്ങളില്‍ എല്ലാം ഗുരുതരമായ വീഴ്ചയാണ് പൊലീസിന് ഉണ്ടായതെന്നും അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ശംഖുംമുഖം വയര്‍ലെസ് കോളനി രാജാജിനഗറില്‍ പുതുവയല്‍പുത്തന്‍വീട്ടില്‍ രാജന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പത്തംഗസംഘം അക്രമം നടത്തിയത്. രാത്രി പെണ്‍മക്കളോടൊപ്പം വീട്ടിലേക്കുവരവെ റോഡില്‍ നിന്ന സിബിയെന്ന ആള്‍ പെണ്‍കുട്ടികളോട് അനാവശ്യം പറയുകയും രാജനെ കളിയാക്കുകയും ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം. രാജന്‍ ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അനീഷ് എന്നയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും രാജന്‍ ഇയാളെ തല്ലുകയും ചെയ്തു. ഇതുകണ്ടുനിന്ന പത്തംഗസംഘം വീട്ടില്‍ കയറി രാജനെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന ഇളയമകള്‍ ചിപ്പിയെ അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ചിപ്പിയെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്ത പെണ്‍കുട്ടിയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തുടര്‍ന്ന് പ്രതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രാജനെ പൊലീസ് അറസ്റ്റ് ചെയ്തത് പൊലീസ് സ്റ്റേഷന്‍ ഉപരോധമടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
https://www.facebook.com/Malayalivartha