സമരം വേറെ സഹായം വേറെ... ജനസമ്പര്‍ക്കത്തില്‍ സഹായഭ്യര്‍ത്ഥനയുമായി സിപിഎം നേതാവ് ഇ.പി. ജയരാജന്റെ സഹോദരിയെത്തി
സമരം ചെയ്യുന്ന നേതാവിന്റെ സഹോദരിതന്നെ ജന സമ്പര്‍ക്കത്തില്‍ പരാതിയുമായെത്തിയത് സിപിഎമ്മിന് ഏറെ തിരിച്ചടിയായി. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ സഹോദരിയും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഇ.പി.ഓമനയാണ് സി.പി.എം. ചെറുകുന്ന് ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യ ടി.വി.ശോഭന, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന സമിതി അംഗം വി.വി.പ്രീത എന്നിവര്‍ക്കൊപ്പം ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സ്‌ഥലത്ത് എത്തിയത്.
പ്രീതയുടെ ബന്ധു ചെറുപുഴയിലെ ഷാജുവിനുള്ള സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇവര്‍ എത്തിയത്. ഷാജു ശരീരം തളര്‍ന്നു കിടക്കുകയാണ്. രോഗിക്കൊപ്പം രണ്ടു പേരെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ എന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനാല്‍ ഓമനയ്‌ക്ക് ജനസമ്പര്‍ക്ക വേദിയിലേക്കു കടക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ തിരിച്ചുപോയെങ്കിലും മഹിളാ അസോസിയേഷന്‍ നേതാവടക്കമുള്ള രണ്ടു പേരും മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ചികിത്സാ സഹായം അനുവദിക്കുകയും ചെയ്‌തു.
ജനസമ്പര്‍ക്ക പരിപാടിയില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ സഹോദരി തന്നെ സഹായ അഭ്യര്‍ഥനയുമായി എത്തിയതു എല്‍.ഡി.എഫ്. നടത്തുന്ന സമരത്തിന്റെ ഭാവിയെ ബാധിക്കുന്നു. കണ്ണൂര്‍ ജില്ല തന്നെ അതിനു വേദിയാകുകയും ചെയ്‌തതോടെ സി.പി.എം. പ്രതിസന്ധിയിലായി. ജനസമ്പര്‍ക്കം തട്ടിപ്പല്ലെന്നു വ്യക്‌തമാക്കാന്‍ സര്‍ക്കാരും യു.ഡി.എഫും ഇനി പ്രചരണായുധമാക്കുക സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ സഹോദരിയടക്കമുള്ളവര്‍ സഹായഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരിക്കും.
ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കംകൊണ്ടു സാധാരണക്കാരന് ഒരു ഗുണവും കിട്ടുന്നില്ലെന്നും പരിപാടിയുടെ പേരില്‍ വന്‍തട്ടിപ്പാണ് നടക്കുന്നതെന്നും തുടക്കം മുതല്‍ തന്നെ സി.പി.എം. നേതൃത്വം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടുത്ത പരാതി പരിഹരിക്കാനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് ജനസമ്പര്‍ക്കം നടത്തുന്നതെന്നു പ്രതിഷേധ സമരത്തിനിടെ ഇ.പി.ജയരാജന്‍ പ്രസംഗത്തില്‍ ആരോപിക്കുമ്പോള്‍ തന്നെയാണു സഹോദരി സഹായാഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
അതേസമയം ജനസമ്പര്‍ക്ക പരിപാടി നടക്കുന്നിടത്ത് പോയത് മുഖ്യമന്ത്രിയെ കാണാനോ സഹായം അഭ്യര്‍ത്ഥിക്കാനോ അല്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ സഹോദരി ഇ.പി.ഓമന. കല്യാശേരിയിലെ സഹപ്രവര്‍ത്തകയായ ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ബന്ധു ജനസമ്പര്‍ക്ക പരിപാടിയില്‍ പോയിരുന്നു.
ബന്ധുവിനും കൂടെയുള്ളവര്‍ക്കും വെള്ളവും ഭക്ഷണവും കിട്ടാത്തതിനെത്തുടര്‍ന്ന് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ അവിടെ പോയിരുന്നതാണ്. പെട്ടെന്ന് തിരിക്കുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha