21 വര്‍ഷങ്ങള്‍ വീണ്ടും അഭയ... അഭയ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, തെളിവ് നശിപ്പിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ പരാതിക്കാരന്‍
നീണ്ട 21 വര്‍ഷങ്ങള്‍ , തെളിയിച്ചിട്ടും തെളിയാതെ അഭയ ലോക മനസാക്ഷിയുടെ മുമ്പില്‍ തന്നെയുണ്ട്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്. ബിസിഎം കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അഭയയുടെ ജഡം കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള കിണറ്റിലാണ് കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവരെ അഭയക്കേസിലെ പ്രധാന പ്രതികളായി സിബിഐ കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ ഇതാ വീണ്ടും അന്വേഷണം. അഭയക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തിരുവനന്തപുരം സിബിഐ കോടതിയില്‍ നടന്നുവന്ന അഭയക്കേസിന്റെ വിചാരണ നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു.
കുറ്റപത്രം മടക്കിവാങ്ങണമെന്നും സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം കേസിലെ വിചാരണ നടക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താതെ അനുബന്ധ റിപ്പോര്‍ട്ടായിരിക്കണം സമര്‍പ്പിക്കേണ്ടത്.
സിസ്റ്റര്‍ അഭയയുടെ മരണത്തെ കുറിച്ച് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ ടി മൈക്കിളിന് നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നും മൈക്കിളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍ക്വസ്റ്റില്‍ കൃത്രിമം വരുത്തിയതെന്നും മൈക്കിള്‍ നാര്‍കോ പരിശോധനയ്ക്ക് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും സിബിഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ശിരോവസ്ത്രം അടക്കമുള്ള പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നെന്നും തുടന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മൈക്കിള്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്തി ശിരോവസ്ത്രം, മേല്‍ വസ്ത്രം, വെള്ളക്കുപ്പി, ഡയറി എന്നിവ അടക്കമുള്ള പ്രാഥമിക തെളിവുകള്‍ പരിശോധിച്ച് സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha