അഭയകുരുക്ക് നീളും; ഹൈക്കോടതി ഉത്തരവ് സി.ബി.ഐയ്‌ക്ക് തലവേദനയാകും
സിസ്റ്റര്‍ അഭയകേസില്‍ പുനരന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സി.ബി.ഐയ്‌ക്ക് തലവേദനയാകും. സി.ബി.ഐയിലുള്ള അവിശ്വാസമാണ് ഹൈക്കോടതി ഫലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണം അവസാനിപ്പിച്ച ഒരു കേസില്‍ അന്വേഷണം ഫലപ്രദമായിരുന്നില്ലെന്ന കണ്ടെത്തല്‍ സി.ബി.ഐയ്‌ക്ക് കളങ്കമായി തീരും.
അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. റ്റി. മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഭയകേസില്‍ കേസന്വേഷണം കൃത്യമാക്കാനുള്ള പല സാധ്യതകളും സി.ബി.ഐ തള്ളികളഞ്ഞതായാണ് കെ.റ്റി.മൈക്കിളിന്റെ ആരോപണം. പ്രതികളെന്ന് സി.ബി.ഐ കണ്ടെത്തിയവര്‍ പ്രതികളല്ലെന്നും മൈക്കിള്‍ നേരത്തെ വാദിക്കുന്നുണ്ട്. അഭയയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തെ മൈക്കിള്‍ തള്ളിക്കളയുന്നുണ്ട്. അഭയയുടെ മരണം കൊലപാതകമാണെന്ന് വാദിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തെത്തി. മൈക്കിളിനെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയാല്‍ സത്യം പുറത്തു വരുമെന്ന് ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പറഞ്ഞു.
അഭയകേസില്‍ പ്രതികളെന്ന് സി.ബി.ഐ സംശയിക്കുന്ന പുരോഹിതര്‍ക്ക് നിയമയുദ്ധത്തിനുള്ള ഒരു പുതുവഴിയാണ് ഹൈക്കോടതി വിധിയിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്. തങ്ങള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പുരോഹിതര്‍ നേരത്തെ തന്നെ പറയുന്നുണ്ട്. പ്രതികളായ തങ്ങള്‍ ഇരകളായി മാറുകയാണെന്ന വാദത്തെ ഹൈക്കോടതി വിധി ശക്തിപ്പെടുത്തും. പ്രതിഭാഗത്തിനു വേണ്ടി നേരത്തെ ഹൈക്കോടതിയില്‍ ഹാജരായിട്ടുള്ള അഡ്വ. ഉദയഭാനു ഉള്‍പ്പെടെയുള്ളവര്‍ വിധിയെ സ്വാഗതം ചെയ്‌തു.
ചുരുക്കത്തില്‍ വീണ്ടുമൊരു നിയമയുദ്ധത്തിനാണ് വഴി തുറന്നിരിക്കുന്നത്. അഭയകേസില്‍ ചില നിര്‍ണായകസാക്ഷികളുടെ നാര്‍ക്കോ പരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനിച്ച വേളയിലാണ് നാര്‍ക്കോ പരിശോധന മനുഷ്യാവകാശലംഘനമാണെന്ന സുപ്രീംകോടതി വിധി വരുന്നത്. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന്റേതായിരുന്നു വിധി. നാര്‍ക്കോ പരിശോധനയ്‌ക്ക് മുമ്പ് പരിശോധനയ്‌ക്ക് വിധേയരാകുന്നവരുടെ അനുമതി നേടിയിരിക്കണമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇതോടെ അഭയകേസില്‍ സത്യം തെളിയിക്കപ്പെടാനും സാധ്യത മങ്ങി. കെ.റ്റി.മൈക്കിളും നാര്‍ക്കോ പരിശോധക്ക് സമ്മതിച്ചിരുന്നില്ല.
പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് അഭയകേസിന്. നിയമയുദ്ധം മുറുകുമ്പോള്‍ സത്യത്തിന്റെ താളം തെറ്റുമെന്ന് സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha