പത്തു വര്‍ഷത്തിനിടയില്‍ അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് 66 ക്രിമിനല്‍ കേസുകള്‍ , ലൈംഗിക പീഡനവും തകൃതി
സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് 66 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ. തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഒന്‍പതെണ്ണം. വേലി തന്നെ വിളവു തിന്നുന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ശ്രീ ചിത്രാ പുവര്‍ ഹോം ഉള്‍പ്പെടെയുള്ളവ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. അനാഥ മന്ദിരങ്ങളില്‍ നിന്നും കാണാതാവുന്ന കുട്ടികളുടെ വിവരങ്ങള്‍ പോലും പോലീസിന്റെ കൈയില്‍ ലഭ്യമല്ല. അനാഥാലയങ്ങള്‍ ഇവ കൈമാറാത്തതാണ് കാരണമെന്നറിയുന്നു. അനാഥമന്ദിരങ്ങളുടെ മറവില്‍ അനാശാസ്യവും പണപിരിവും വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അനാഥമന്ദിരം നടത്തിപ്പുകാര്‍ തന്നെയാണ്.
അനാഥാലയങ്ങളെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ നടത്തി വരുന്ന അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങളാണ് ഇവ. ഡി.ഐ.ജി എസ് ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്. ഇതിനെതിരെ അനാഥമന്ദിരം നടത്തിപ്പുകാര്‍ രംഗത്തെത്തി കഴിഞ്ഞു. ജില്ലാ കളക്‌ടര്‍മാര്‍ വഴി കമ്മീഷന്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് അനാഥാലയം നടത്തിപ്പുകാരുടെ സംഘടന തീരുമാനിച്ചു. ഇതിനെതിരെ മനുഷ്യാവകാശകമ്മീഷനും രംഗത്തെത്തി. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എം.എല്‍ എ മാരും രംഗത്തെത്തി. മന്ത്രി മുനീര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് നിയമസഭയ്‌ക്ക് ഉറപ്പു നല്‍കി.
അനാഥാലയങ്ങളിലെ അന്തേവാസികളെ അനാശാസ്യത്തിന് വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. ശ്രീചിതാപുവര്‍ ഹോമിലെ അന്തേവാസികളെ സൂപ്രണ്ടിന്റെ വീട്ടു ജോലിക്കായി ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്. എന്നാല്‍ സാമൂഹ്യക്ഷേമവകുപ്പ് ഇത്തരം അന്വേഷണങ്ങളിലൊക്കെ നിസംഗത പുലര്‍ത്തുന്നു. വകുപ്പിന്റെ ഡയറക്‌ടര്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ താത്‌പര്യമില്ലെന്നറിയുന്നു.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു നിയന്ത്രണവുമില്ലെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha