വിഎസിന് പുറകേ സുധീരനും? രമ നിരാഹാരം നടത്തുന്നത് ഗുണം ചെയ്യില്ല, ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരന്റെ കത്ത്
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി വിഎസ് അച്യുതാനന്ദന്‍ പൊരുതുമ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിഎം സുധീരനും രംഗത്തെത്തി.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ. രമ നിരാഹാര സമരം നടത്തുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നും കത്തില്‍ സുധീരന്‍ ചൂണ്ടിക്കാട്ടി.
കേസിലെ കൊലയാളികള്‍ മാത്രമേ പിടിയിലായിട്ടുള്ളൂ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സിബിഐ അന്വേഷണം കൂടിയേ തീരൂ. കേസിലെ 24 പ്രതികളെ വെറുതേവിട്ട കോടതിയുടെ നടപടി ഗൗരവമായി കാണണം. സിബിഐ അന്വേഷണം നടത്താന്‍ വൈകിയാല്‍ അത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കും.
ടിപി വധത്തിന് പുറകിലുള്ള ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്ന് ആര്‍എംപി ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നു. വധത്തിന് പിന്നിലുള്ള സിപിഎം നേതാക്കളുടെ പങ്ക് ഇനിയും വെളിച്ചത്തു വന്നിട്ടില്ലെന്നാണ് ആര്‍എംപി കരുതുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ ഉള്‍പ്പെടെയുള്ള 24 പ്രതികളെ വെറുതെ വിട്ടതില്‍ കടുത്ത അമര്‍ഷത്തിലാണ് ആര്‍എംപി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്താന്‍ കെ.കെ. രമ തീരുമാനിച്ചിരിക്കുന്നത്.
ടിപിയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് വിഎസ് നേരത്തേ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ വിഎം സുധീരനും പരസ്യമായി രംഗത്തെത്തിയതോടെ സര്‍ക്കാരും സിബിഐ അന്വേഷണത്തിന്റെ സാധ്യത ആരായുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha