ഇത് കേരളാ മോഡല്‍ , മര്‍ദ്ദനമേറ്റ യുവാവിന് എസ്.ഐ. മാരുടെ ശമ്പളത്തില്‍ നിന്നും 50,000 രൂപ നഷ്ടപരിഹാരം
കേരള പോലീസിന്റെ പേടിപ്പിക്കുന്ന മുഖം ഒരിക്കല്‍ കൂടി വെളിവാകുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ ഒരുസ്വകാര്യ ഹോട്ടലിന്റെ ടോയ്‌ലറ്റില്‍ ക്യാമറാഫോണ്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവായ രാഹുലിനെ, സംഭവം അന്വേഷിച്ചെത്തിയ നടക്കാവ് പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എതിര്‍കക്ഷികളായ രണ്ട് എസ്.ഐ. മാര്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക വകുപ്പില്‍നിന്നു നല്‍കിയശേഷം പ്രൊബേഷന്‍ എസ്.ഐ -ജി. സുനില്‍, പ്രിന്‍സിപ്പല്‍ എസ്.ഐ- കെ.കെ. ബിജു എന്നിവരുടെ ശമ്പളത്തില്‍ നിന്നും തുല്യമായി തിരിച്ചുപിടിക്കാനാണ് അംഗം കെ. ഇ. ഗംഗാധരന്റെ ഉത്തരവ്.
2010 മാര്‍ച്ചില്‍ നടന്ന സംഭവം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ക്യാമറ പരാതിക്കാരന്‍േറതല്ലെന്ന് വ്യക്തമാക്കിയിട്ടും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയത് കാരണമില്ലാതെയാണെന്നും ലോക്കപ്പില്‍ മര്‍ദിച്ചതായും മൃഗീയമായി പെരുമാറിയതായും ലഭ്യമായ തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ കണ്ടെത്തി. മനുഷ്യാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പ്രൊബേഷനിലുള്ള എസ്.ഐ. സാധാരണ പോലീസ് ഓഫീസറുടെ ജോലി നിര്‍വഹിച്ചത് കമ്മീഷന്‍ ഗൗരവമായെടുത്തു.
https://www.facebook.com/Malayalivartha