പാവപ്പെട്ടവന് കാട്ടുഭൂമി പാര്‍ട്ടികള്‍ക്ക് നഗരത്തില്‍ കോടികള്‍ വിലയുള്ള സ്ഥലം സൗജന്യം
ആദിവാസികള്‍ ഉള്‍പ്പെടെ കയറിക്കിടക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നു. സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭൂമിക്ക് അപേക്ഷ നല്‍കിയവര്‍ക്ക് ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലാണ് ഭൂമി പതിച്ച് നല്‍കുന്നത്. ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കിയത് കാസര്‍കോട്ടെ കൊടും വനത്തിലായിരുന്നു. എന്നാല്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിനായി 37 സെന്റ് വഞ്ചിയൂര്‍ വില്ലേജില്‍ സൗജന്യമായി പതിച്ചുനല്‍കി. സര്‍ക്കാര്‍ കണക്കനുസരിച്ച് ആറര കോടിയോളമാണ് ഈ ഭൂമിയുടെ വില. തൊട്ട് മുമ്പ് ബേബിജോണ്‍ ഫൗണ്ടേഷനും സര്‍ക്കാര്‍ 10 സെന്റ് ഭൂമി നല്‍കിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഭൂരഹിതര്‍ക്ക് നല്‍കാന്‍ മൂന്ന് സെന്റ് ഭൂമി പോലും ഇല്ലെന്ന് പറഞ്ഞ റവന്യൂ വകുപ്പാണ് നേതാക്കളുടെ പേരില്‍ നഗരമധ്യത്തില്‍ ഭൂമി കണ്ടെത്തി സൗജന്യമായി കൈമാറുന്നത്. യശ:ശരീരായ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരാണാര്‍ത്ഥം വിവിധ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കണമെന്ന് കാട്ടി ട്രസ്റ്റ് സര്‍ക്കാരിന് നല്‍കിയ കത്ത് പരിഗണിച്ചാണ് വഞ്ചിയൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 3041 ല്‍പ്പെട്ട 37 സെന്റ് സ്ഥലം സൗജന്യമായി പതിച്ച് നല്‍കിയത്. ഈ ഭൂമിക്ക് ആറുകോടി 32 ലക്ഷത്തില്‍ പരം രൂപ വിലമതിക്കുമെന്നാണ് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന ഭൂമികാട്ടി വിവിധ ബാങ്കുകളില്‍ നിന്ന് നേതാക്കന്‍മാര്‍ വായ്പയെടുത്തതായും അറിയുന്നു. സഹകരണ ബാങ്കുകളാണ് അധികവും. വായ്പ അടയ്ക്കാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവ എഴുതിത്തള്ളിയതായും ആക്ഷേപമുണ്ട്. തലസ്ഥാനത്ത് മാത്രം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കായി ആയിരം കോടി രൂപയിലധികം രൂപയും വസ്തുക്കളും കെട്ടിടങ്ങളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha