വീണ്ടും കസ്‌തൂരി രംഗന്‍ , 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലമെന്ന് കേന്ദ്രം, തിരുത്താന്‍ പാടുപെട്ട് മുഖ്യമന്ത്രി, ഇടുക്കിയില്‍ വീണ്ടും ഹര്‍ത്താല്‍
കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ദേശീയ ഹരിത ട്രൈബ്യുണലിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍പ്പെടുന്ന 123 ഗ്രാമങ്ങളും പരിസ്ഥിതി ലോല മേഖലകള്‍ തന്നെ. ഇതില്‍ മാറ്റമില്ല . ഇതു സംബന്ധിച്ച് നവംബര്‍ 23ന് പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനപരിശോധിച്ച ശേഷം അതാത് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമറിക്കാമെന്ന് കാണിച്ചായിരുന്നു ഡിസംബറില്‍ മെമോറാണ്ടം പുറത്തിറക്കിയിരുന്നത്. എന്നാല്‍ , ഇത് അസാധുവാണെന്നാണ് ഇപ്പോള്‍ കേന്ദ്രം ഹരിതട്രിബ്യൂണലിനെ അറിയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് ദോഷകരമായ മാനദണ്ഡങ്ങള്‍ ഒഴിവാക്കാനുള്ള കേരളത്തിന്റെ ശ്രമത്തിന് ഇത് തിരിച്ചടിയാവുകയാണ്.
എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷം മാത്രമായിരിക്കും എന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലി തന്നെ അറിയിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ജനങ്ങളില്‍ വീണ്ടും ഭയാശങ്ക സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി എന്നിവയെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, കാവിലുംപാറ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ . കോട്ടയത്ത് പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, തീക്കോയി, കൂട്ടിക്കല്‍ എന്നീ വില്ലേജുകളിലാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha