എല്ലാം ഒരു വിശദീകരണത്തിലൊതുങ്ങും? സോണിയയുടെ അഭിപ്രായം തള്ളിക്കളഞ്ഞ സുധാകരനെതിരെ എഐസിസി
കോണ്‍ഗ്രസിന്റെ അവസാന വാക്കായ സോണിയ ഗാന്ധിയുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ കെ. സുധാകരന്‍ എംപിയ്‌ക്കെതിരെ എഐസിസി വിശദീകരണം തേടി. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന സോണിയയുടെ അഭിപ്രായമാണ് സുധാകരന്‍ എതിര്‍ത്തത്. ഗ്രൂപ്പുണ്ടെന്ന സുധാകരന്റെ വാദം കോണ്‍ഗ്രസ് പ്രസിഡന്റിന് ക്ഷീണമാകുകയും ചെയ്‌തു. ഈയവസരത്തിലാണ് എഐസിസി വിശദീകരണം തേടിയത്.
കഴിഞ്ഞ ദിവസം കൊല്ലത്തു നടന്ന പാര്‍ട്ടി, സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷയ്‌ക്കെതിരേ അഭിപ്രായം പറഞ്ഞ സുധാകരന്റെ നടപടി സുധീരന്‍ തന്നെയാണു യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
സ്‌ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ചും അല്ലാതെയുമുള്ള പരസ്യപ്രസ്‌താവനകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതായി സുധീരന്‍ അറിയിച്ചു.
കൊച്ചിയില്‍ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സോണിയ നടത്തിയ പ്രസംഗത്തിലാണു സംസ്‌ഥാനത്തു പാര്‍ട്ടിക്ക് ഒറ്റ ഗ്രൂപ്പേയുള്ളെന്നും അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്നും ആഹ്വാനം ചെയ്‌തത്. ഇതു യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരുള്‍പ്പെടെ ഹൃദയം നിറഞ്ഞു സ്വീകരിച്ചു. എന്നാല്‍ അതിനുശേഷം സംസ്‌ഥാനത്തെ ചില നേതാക്കളില്‍നിന്നുണ്ടായ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ആരുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്‌താവനകള്‍ ഉണ്ടാകരുത്.
കണ്ണൂരിലും പ്രത്യേകിച്ച്, മലബാര്‍ മേഖലയിലും പാര്‍ട്ടിയുടെ ശക്‌തനായ നേതാവാണു സുധാകരന്‍. അദ്ദേഹം ഇക്കാര്യം ഏതവസരത്തിലാണു പറഞ്ഞതെന്നറിയില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കും. തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ പ്രസ്‌താവനാവിലക്ക് ഘടകകക്ഷികള്‍ക്കും ബാധകമാണെന്നു സുധീരന്‍ വ്യക്‌തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha