ആരാണ് ഈ ഹരിഹരവര്‍മ്മ? 300 കോടിയുടെ രത്‌നവില്‌പന ദുരൂഹതയേറുന്നു.
രത്‌ന വില്‌പനയും മരണവും പഴങ്കഥയോളം പഴക്കമുള്ളതാണ്. രത്‌ന വില്‌പനയും തട്ടിപ്പും ഈ ലോകത്ത് നിശബ്‌ദമായി നടക്കുന്ന ഒരു കാര്യമാണ്. വളരെപ്പെട്ടന്ന് ധനികരാവാം എന്നതാണ് ഈ കച്ചവടത്തില്‍ പലരേയും ആകര്‍ഷിക്കുന്ന്. ഒരു രത്‌നത്തിനും പ്രത്യേക വില നിശ്ചയിക്കാന്‍ കഴിയില്ല. അത് കൊണ്ട് ഊഹാഭോഗങ്ങളും കെട്ടുകഥകളും ഈ കച്ചവടത്തിന്റെ ഭാഗം മാത്രമാണ്. പുരാവസ്‌തുക്കളായ രത്‌നങ്ങള്‍ എവിടെനിന്നെങ്കിലും കിട്ടിയാല്‍ എവിടെ എങ്ങനെ കൊടുക്കണമെന്ന് ആര്‍ക്കുമറിയില്ല. ഇവിടെയാണ് ഇടനിലക്കാര്‍ വില്ലനാകുന്നത്. അവര്‍ മോഹിപ്പിക്കുന്ന ഒരു വില പറഞ്ഞങ്ങ് ഉറപ്പിക്കും. അതില്‍ വഴങ്ങിയില്ലങ്കില്‍ അത് കിട്ടാനായി പുതിയ തന്ത്രങ്ങളായി. ഇതാണ് തിരുവനന്തപുരത്തും സംഭവിച്ചത്. രാജകുടുംബാംഗമാണെന്ന് അവകാശപ്പെടുന്ന ഹരിഹരവര്‍മ്മയും അദ്ദേഹത്തിന്റെ മരണവും ദുരൂഹമായി തുടരുന്നു. കൊലപാതകികളെ സംബന്ധിച്ച് അന്വേഷണം ഏറെ പുരോഗമിച്ചെങ്കിലും കൊല്ലപ്പെട്ട ഹരിഹരവര്‍മയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥരെ ഇപ്പോള്‍ കുഴക്കുന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്.
കൊലയാളികള്‍ രക്ഷപ്പെട്ട ടാക്‌സിയും ഇവര്‍ കാറില്‍ നിന്നും വലിച്ചെറിഞ്ഞ കവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ലോറോഫോം മണപ്പിക്കാന്‍ ഉപയോഗിച്ച പഞ്ഞിയും കൈയുറകളും അടങ്ങുന്ന കവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസംമുട്ടിയാണ് വര്‍മ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
വര്‍മയുടെ ഭൂതകാലമാണ് ഇപ്പോള്‍ ദൂരഹതയായി തുടരുന്നത്. വര്‍മ മാവേലിക്കര, പൂഞ്ഞാര്‍ രാജകുടുംബത്തിലെ അംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമസഭ അറിയിച്ചിട്ടുണ്ട്. ഇയാള്‍ മാവേലിക്കര രാജകുടുംബത്തിലെ അംഗമല്ലെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ആര്‍ .പി. വര്‍മയും പറഞ്ഞു. രത്‌നവ്യാപാരത്തിനുവേണ്ടി രാജകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്തതാവാമെന്ന് ആര്‍ .പി. വര്‍മ പറഞ്ഞു.
എന്നാല്‍ , വര്‍മ മാവേലിക്കര രാജകുടുംബാംഗം തന്നെയാണെന്ന അവകാശവാദവുമായി ഭാര്യയുടെ ബന്ധുക്കളാണ് രംഗത്തുവന്നത്. വര്‍മയുടെ അചഛന്‍ ഭാസ്‌കരവര്‍മ മാവേലിക്കര രാജകുടുംബാംഗമാണെന്നും ഇയാള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ് രത്‌നങ്ങളെന്നും ഭാര്യാസഹോദരന്‍ രാജഗോപാല്‍ മാധ്യമങ്ങേളാട് പറഞ്ഞു. ഹരിഹരവര്‍മ രത്‌നവ്യാപാരിയായിരുന്നെന്നും മാവേലിക്കര രാജകുടുംബവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു. മാവേലിക്കര രാജകുടുംബാംഗമാണെന്ന് പറഞ്ഞാണ് 2001ല്‍ ഹരിഹര്‍വര്‍മ വിവാഹം കഴിച്ചതെന്ന് ഭാര്യാപിതാവ് ഗോപാലന്‍ നായര്‍ പറഞ്ഞു. എന്നാല്‍ , വിവാഹച്ചടങ്ങില്‍ രാജകുടുംബത്തിലെ അംഗങ്ങളാരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ , ഇയാള്‍ക്ക് രത്‌നങ്ങളുടെ വ്യാപാരമുണ്ടായിരുന്നോ എന്ന കാര്യം അറിയില്ലെന്നും ഗോപാലന്‍ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha