മലയാളി വാര്‍ത്ത.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആര്‍ക്കും ആരോടും ഒരു കടപ്പാടുമില്ല. ജന്മം നല്കിയ മാതാപിതാക്കള്‍ തന്നെ പെണ്‍കുട്ടികളെ ബലിയാടാക്കികൊണ്ടിരിക്കുകയാണ്. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ അവര്‍ക്ക് വീട് പോലും സുരക്ഷിതമല്ലാതായി മാറിയിരിക്കുകയാണ്. കൊച്ചു കുട്ടികളോടു പോലും മനുഷ്യത്വം കാണിക്കാത്ത ഒരു ചെറു സമൂഹം ലോകത്തിനു തന്നെ അപമാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മാത്രം സ്ത്രീകള്‍ക്ക് നേരെ 62359 അതിക്രമങ്ങളാണ് ഉണ്ടായത്. 4066 പേര് ബലാത്സംഗത്തിനിരയായി. 17392 പേര് മാനഭംഗം ചെയ്യപ്പെട്ടു. പതിനൊന്നു മാസത്തിനിടയില്‍ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.
ഈ ഒരു സന്ദര്‍ഭത്തിലാണ് കേരളത്തിലെ 4 പ്രമുഖ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേക വനിതാ അന്വേഷണ സംഘത്തിന് രൂപം നല്‍കുന്നത്. ഡബ്ലിയു.ഐ.ഡി. എന്നാണ് സംഘത്തിന്റെ പേര്. ക്രൈംബ്രാഞ്ച് ഐ.ജി. ബി. സന്ധ്യ, പോലീസ് ആസ്ഥാനത്തെ എസ്.പി. ഉമാ ബഹ്റ, റാപ്പിഡ് റെസ്പോണ്‍സ്, റെസ്ക്യു ഫോഴ്സ് കമാന്റ് അജിതാബീഗം, തൃശൂര്‍ സിറ്റി പോലീസ് അസി. കമ്മീഷണര്‍ ചന്ദന്‍ ചൗധരി എന്നിവരാണ് സംഘത്തിലുള്ളത്. കേസുകള്‍ വേഗത്തിലും കാര്യക്ഷമതയിലുമാക്കാന് ഈ അന്വേഷണ സംഘത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍