റെയില്‍ പാളത്തില്‍ വിള്ളല്‍ : ഇന്റര്‍സിറ്റി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു
ഗുരുവായൂരില്‍ നിന്ന് ആലപ്പുഴ വഴി ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ട്രെയിന്‍ തലനാരിഴയ്‌ക്ക് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തകഴി കുന്നുമ്മ ലെവല്‍ ക്രോസിനു സമീപം രാവിലെ വിള്ളല്‍ കണ്ട നാട്ടുകാരാണ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് . രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം . എന്നും ഈ സമയം ഇന്റര്‍സിറ്റി അതു വഴി പോകുമെന്ന് അറിയാവുന്ന നാട്ടുകാര്‍ പാളത്തില്‍ വിള്ളല്‍ കണ്ടയുടനെ ചുവന്ന തുണി ഉയര്‍ത്തി കാട്ടി പാളത്തിലൂടെ ട്രെയിന്‍ വരുന്ന ദിശയിലേക്ക് ഓടി ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ട്രെയിനാകട്ടെ റെയില്‍വേ ക്രോസിനടുത്തേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപകടം കണ്ട ലോക്കോപൈലറ്റ് അടിയന്തിരമായി വേഗത കുറച്ച് ട്രെയിന്‍ നിര്‍ത്തി.
എറണാകുളത്തേക്ക് പോവുകയായിരുന്ന ജനശതാബ്‌ദി ഇതിനെതുടര്‍ന്ന് ഹരിപ്പാട് സ്റ്റേഷനില്‍ പിടിച്ചിട്ടു . അധികം വൈകാതെ കായംകുളം സ്റ്റേഷനില്‍ നിന്ന് വിദഗ്‌ദ്ധരെത്തി തകരാര്‍ പരിഹരിക്കുകയും 8.50 ന് ഇന്റര്‍സിറ്റി യാത്ര തുടരുകയും ചെയ്‌തു. സമയോചിതമായ നാട്ടുകാരുടെ ഇടപെടല്‍ മൂലം വന്‍ ദുരിതമാണ് ഒഴിവായത് .
https://www.facebook.com/Malayalivartha