അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ ഗെയ്ല്‍ ട്രെഡ്‌വെലിന് പോലീസ് നിര്‍ദ്ദേശം
അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ അമൃതാനന്ദമയിയുടെ മുന്‍ സന്തതസഹചാരി ഗെയ്ല്‍ ട്രെഡ്‌വെലിന് പോലീസ് നിര്‍ദ്ദേശം നല്‍കി. നിയമനടപടികള്‍ക്ക് പരാതി നല്‍കേണ്ടതുണ്ടെന്ന് കാണിച്ച് പോലീസ് ഗെയ്‌ലിന് ഇ-മെയില്‍ സന്ദേശമയച്ചു. കൊല്ലം കരുനാഗപ്പള്ളി പൊലീസാണ് ട്രെഡ്‌വെല്ലിന് ഈ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്.
അമൃതാനന്ദമയി മഠത്തിലെ താമസം ഉപേക്ഷിച്ച് ഒന്നരപതിറ്റാണ്ട് മുന്‍പ് ഇന്ത്യ വിട്ടതാണ് ഗെയ്ല്‍. നിയമവ്യവഹാരങ്ങള്‍ക്ക് വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാലാണ് താന്‍ പരാതി നല്‍കാതെ ഇന്ത്യ വിട്ടതെന്ന് ഗെയ്ല്‍ ട്രെഡ്വെല്‍ വ്യക്തമാക്കിയിരുന്നു. ലൈംഗികാരോപണങ്ങള്‍ ഉണ്ടായാല്‍ അതറിഞ്ഞിട്ടും നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കണമെന്ന പുതിയ നിയമഭേദഗതി നിലവിലുള്ളപ്പോഴാണ് കരുനാഗപ്പള്ളി പോലീസിന്‍റെ നടപടി.
ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ ‘വിശുദ്ധ നരകം വിശ്വാസത്തിന്റേയും ശുദ്ധ ഭ്രാന്തിന്റേയും ഓര്‍മ്മപ്പെടുത്തല്‍’ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിമഠത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബലാത്സംഗം, കള്ളപ്പണനിക്ഷേപം തുടങ്ങിയ ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉണ്ടായിരുന്നെങ്കിലും നടപടി എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
ഇതേതുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് മഠത്തിനെതിരെ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കേസെടുക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കില്ലെന്ന് പോലീസ് തീരുമാനിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഗെയ്ല്‍ ട്രെഡ്വെല്ലിന് ഇമെയില്‍ അയച്ചത്. ഗെയ്ല്‍ ട്രെഡ്വല്ലില്‍ നിന്നും മറുപടി ലഭിച്ചില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം.
https://www.facebook.com/Malayalivartha