മാനഭംഗക്കാര്‍ക്ക് വധശിക്ഷതന്നെ, പത്താംക്ലാസുകാരി ആര്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ക്ക് വധശിക്ഷ
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് കരുത്തുപകരാന്‍ കേരളത്തിന്റെ ആദ്യ വിധി. കേരളത്തെ നടുക്കിയ ആര്യക്കൊലക്കേസിലെ പ്രതി ഓട്ടോഡ്രൈവര്‍ രാജേഷ്‌കുമാറിന് വധശിക്ഷ. 2012 മാര്‍ച്ച് ആറിനാണ് കന്യകുളങ്ങര സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്.
ഏഴ് മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയായത്. മാനഭംഗക്കേസുകളില്‍ വിചാരണ നീണ്ടുപോകുന്നത് പലപ്പോഴും പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയാക്കാനായതാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്.
ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ഭവനഭേദനം, ആള്‍മാറാട്ടത്തിലൂടെ ചതിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
വട്ടപ്പാറ ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ജയകുമാരിയുടെയും മകളാണ് ആര്യ. വാര്‍ഷിക പരീക്ഷയുടെ പഠനാവധി ആയിരുന്നതിനാല്‍ ആര്യ വീട്ടില്‍ തനിച്ചായിരുന്നു. സംഭവദിവസം പ്രതിയായ കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ് കുമാറിന്റെ ഓട്ടോറിക്ഷ ആര്യയുടെ വീടിനുസമീപം വച്ച് കേടായിരുന്നു. ഓട്ടോറിക്ഷ നന്നാക്കാന്‍ സ്‌ക്രൂഡൈവര്‍ വാങ്ങിയ പ്രതി ആര്യ വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ആര്യയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ഈ ആഭരണങ്ങള്‍ സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.
കൊലപാതകം നടന്ന് എട്ടാം ദിവസം തന്നെ പ്രതി വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ്‌കുമാര്‍ അറസ്റ്റിലായി. കാട്ടാക്കട സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. രാജേഷിന്റെ 'രാജമ്മ' എന്ന പേരിലുള്ള ഓട്ടോറിക്ഷയും ഓട്ടോക്ക് മുന്നിലുണ്ടായിരുന്ന ഉണ്ണിയേശുവിന്റെ ചിത്രവുമായിരുന്നു രാജേഷിനെ പിടികൂടാന്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha