മാണിസാര്‍ ദാര്‍ശനികനായ രാഷ്‌ട്രീയനേതാവ്
മാണിസാര്‍ ദാര്‍ശനികനായ രാഷ്‌ട്രീയനേതാവ്
ലോകരാഷ്‌ട്രങ്ങളെ നൂറ്റാണ്ടുകളോളം കാല്‍കീഴിലിട്ടു ഭരിച്ച സൂര്യന്‍ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപം വിളിച്ചോതുന്ന ബ്രിട്ടീഷ് പാര്‍ലമെണ്ട് മന്ദിരത്തില്‍ തന്റെ പ്രശസ്‌തമായ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചു ലോകശ്രദ്ധ നേടിയ കേരളത്തിന്റെ മാണിസാര്‍ അക്ഷരാര്‍ത്ഥത്തില്‍ ദാര്‍ശനികനായി മാറിയിരിക്കുന്നു.രാഷ്‌ട്രനേതാക്കള്‍ ദാര്‍ശനികരോ, ദാര്‍ശനികര്‍ രാഷ്‌ട്രനേതാക്കളോ ആയി മാറണമെന്ന ലോകപ്രശസ്‌ത തത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ പറഞ്ഞത് അന്വര്‍ത്ഥമാക്കിക്കൊണ്ടു മാണിസാര്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെയും മുതലാളിത്ത വ്യവസ്ഥതിയുടെയും ബദലായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള അധ്വാനവര്‍ഗസിദ്ധാന്തം പുതിയൊരു ദാര്‍ശനിക കാഴ്‌ചപ്പാടാണു ലോകത്തിനുമുന്നില്‍ വയ്‌ക്കുന്നത്. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും നടപ്പാക്കി റഷ്യയെ പുതിയ ജനാധിപത്യത്തിന്റെ പാതയിലേക്ക് അന്നത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡണ്ടായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് നയിച്ചതിനും വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെക്കുറിച്ചു പ്രവചിച്ച മാണിസാര്‍ രൂപംകൊടുത്തിട്ടുള്ള അധ്വാനവര്‍ഗ സിദ്ധാന്തം വരും നാളുകളില്‍ ലോകത്തിന്റെ പ്രകാശഗോപുരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
കമ്യൂണിസ്റ്റ് ആശയങ്ങളുടെ അസ്ഥികൂടങ്ങള്‍ മാത്രം നിലനില്‌ക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങള്‍ പോലും കമ്യൂണിസത്തിന്റെ പ്രസക്തി നഷ്‌ടപ്പെടുത്തുന്നവിധം വന്‍തോതിലുള്ള മൂലധന നിക്ഷേപങ്ങളിലൂടെ മുതലാളിത്തത്തിലേക്കു മാറുന്ന കാഴ്‌ചയാണു കണ്ടുവരുന്നത്. ക്യാപിറ്റലിസത്തെ മാത്രം ആശ്രയിച്ചു നിലനിന്നിരുന്ന വന്‍ രാഷ്‌ട്രങ്ങളും സാമ്പത്തികത്തകര്‍ച്ചയിലും സാമ്പത്തിക മാന്ദ്യത്തിലും പെട്ടുഴലുന്നതു സമീപകാല യാഥാര്‍ത്ഥ്യമാണല്ലോ. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയിലൂടെ സാമ്പത്തിക തകര്‍ച്ചയില്‍ പെടാതെ നിന്ന ഭാരതത്തിന്റെ സാമ്പത്തിക ദര്‍ശനങ്ങള്‍ അധ്വാനവര്‍ഗ സിദ്ധാന്തത്തോടു സാമ്യമുള്ളതാണ്. ക്യാപിറ്റലിസത്തിന്റെയും കമ്യൂണിസത്തിന്റെയും അപാകതകളും ന്യൂനതകളും ഒഴിവാക്കിക്കൊണ്ടു ശാസ്‌ത്രീയവും പ്രായോഗികവുമായ രാഷ്‌ട്രീയ സാമ്പത്തികദര്‍ശനമാണ് അധ്വാനവര്‍ഗ സിദ്ധാന്തത്തിലൂടെ മാണിസാര്‍ അവതരിപ്പിക്കുന്നത്.
മൂലധനനിക്ഷേപകനായ തൊഴിലുടമയും അധ്വാനവിനിയോഗത്തിലൂടെ അധ്വാനവര്‍ഗമായിട്ടുള്ളവരും ഒത്തൊരുമിച്ചു വികസനം സാധ്യമാകുന്ന സംയോജിത വ്യവസ്ഥയാണു വികസനത്തിനു അഭിലക്ഷണീയമായിട്ടുള്ളത്. വര്‍ഗസമരങ്ങളോ രക്തച്ചൊരിച്ചിലുകളോ ഇല്ലാത്ത ശാന്തവും സമാധാനപൂര്‍ണവുമായ ഒരു വികസന സംസ്‌കാരത്തെയാണ് അധ്വാനവര്‍ഗസിദ്ധാന്തം വിഭാവനം ചെയ്യുന്നത്.
നിയന്ത്രിതമായ സ്വകാര്യ സ്വത്തും ഉത്‌പന്ന ഉപാധികളും സ്വന്തമായി ഉണ്ടായിരിക്കെ തങ്ങളുടെ അധ്വാനവും ഉത്‌പാദനപ്രക്രിയയില്‍ പ്രയോജനപ്പെടുത്തുന്ന ജനവിഭാഗങ്ങളെ അധ്വാനവര്‍ഗമായി പരിഗണിക്കുന്ന അധ്വാനവര്‍ഗസിദ്ധാന്തം ആധുനിക വികസന സംസ്‌കാരത്തിന്റെ മാഗ്നാകാര്‍ട്ടയാണ്.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു ദേശീയ-അന്തര്‍ദേശീയ രാഷ്‌ട്രീയ ദര്‍ശനങ്ങളുമായി മുന്നോട്ടുപോകുന്ന മാണിസാര്‍ ലോകമാദരിക്കുന്ന നേതൃപദവിയിലേക്ക് എത്തിക്കഴിഞ്ഞു. 12 തെരഞ്ഞെടുപ്പുകളിലായി 47 കൊല്ലം പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, 20 കൊല്ലം മന്ത്രിയും, 10 സംസ്ഥാന ബജറ്റുകളും അവതരിപ്പിച്ചു ലോകറിക്കാര്‍ഡിട്ട മാണിസാര്‍ ഒരു രാഷ്‌ട്രീയ വിസ്‌മയം തന്നെയാണ്. പാര്‍ട്ടിയുടെ വലുപ്പച്ചെറുപ്പങ്ങളുടെ കണക്കെടുപ്പിന്റെ പേരില്‍ മാത്രം കേരള രാഷ്‌ട്രീയത്തില്‍ ഒതുങ്ങിനിന്നു കര്‍ഷകരുടേയും ഇടത്തരക്കാരുടേയും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടേയും രക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്ന ത്യാഗിയാണ് അദ്ദേഹം. അതുല്യമായ കഴിവിന്റെയും അപാരമായ ഭരണ തന്ത്രജ്ഞതയുടെയും ഉടമയായ മാണിസാറിന്റെ മഹത്വപൂര്‍ണവും ഭാവനാപൂര്‍ണവുമായ കാഴ്‌ചപ്പാടുകള്‍ വരുംകാലങ്ങളിലും നമ്മുടെ നാടിനു മുതല്‌ക്കൂട്ടായിരിക്കും.
https://www.facebook.com/Malayalivartha