മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷം ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം; ബിയര്‍/വൈന്‍ പാര്‍ലറുകള്‍ പാതയോരത്തുനിന്നു മാറ്റില്ല
ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷം മാത്രം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.ദേശീയപാതയോരത്തെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ബിവറേജസ്/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് മാറ്റിസ്ഥാപിക്കും. ഇതിനായി പോലീസ് സംരക്ഷണം നല്‍കും. സുപ്രീം കോടതി വിധിയില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ മാറ്റിസ്ഥാപിക്കണമെന്നു നിര്‍ദേശമില്ല. അതുകൊണ്ട് അവ മാറ്റേണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു നല്കിയ നിയമോപദേശം.
മന്ത്രിസഭായോഗത്തില്വച്ച നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സര്‍ക്കാരിന്റെ പുതിയ മദ്യനയം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തിരുന്നു. ടൂറിസം മേഖലകളില്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ യോഗം ധാരണയിലെത്തുകയും ചെയ്തു. ഓരോവര്‍ഷവും 10% ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടാനുളള മുന്‍സര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കാനും ധാരണയായി. ഈ രണ്ടു സുപ്രധാന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ മദ്യനയം രൂപീകരിക്കാനാണു സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച നടന്നിരുന്നില്ല. മുന്‍സര്‍ക്കാരിന്റെ മദ്യനയത്തില്‍നിന്ന് ഏറെ വ്യത്യാസമുള്ളതിനാല്‍ വിശദമായ ചര്‍ച്ച നടത്തിയശേഷം നയം രൂപീകരിച്ചാല്‍ മതിയെന്നാണു മുന്നണി നേതൃത്വത്തിന്റെ തീരുമാനം.
ഇതിനിടെ മലപ്പുറം ഉപതെരഞ്ഞെടുപ്പുകൂടി പ്രഖ്യാപിച്ചതോടെ മദ്യനയപ്രഖ്യാപനം തിടുക്കത്തില്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിനു പുതുസാമ്പത്തികവര്ഷം തുടങ്ങുമെങ്കിലും സംസ്ഥാനത്തു ബാറുകള്‍ ഇല്ലാത്തതിനാല്‍ ധൃതിയില്‍ നയം രൂപീകരിക്കേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. നിലവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കിനല്‍കും. ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കിനല്കാമെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. മറ്റു ബാറുകളുടെ ലൈസന്‍സ് കാര്യത്തില്‍ നയം വന്നശേഷം തീരുമാനമെടുത്താല്‍ മതിയെന്നും അനാവശ്യധൃതി വേണ്ടെന്നും സര്‍ക്കാരിന് ഉപദേശം ലഭിച്ചു. ദേശീയപാതയോരത്തെ ഔട്ട്ലെറ്റുകള് മാറ്റിസ്ഥാപിക്കുമ്പോള്‍ പ്രദേശവാസികള്‍ക്കു താത്പര്യമില്ലാത്ത സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ബലപ്രയോഗത്തിലൂടെ ഔട്ട്ലെറ്റുകള് സ്ഥാപിക്കരുത്.
https://www.facebook.com/Malayalivartha