മലയാളി വാര്‍ത്ത.
കഴിഞ്ഞ മൂന്‍ ധനകാര്യകമ്മീഷനുകള്‍ കേരളത്തിന് ശുപാര്‍ശ ചെയ്‌ത വിഹിതത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് ജനസംഖ്യാനുപാതികമായി ധനസഹായം അനുവദിക്കണമെന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവയ്‌ക്കുന്നതെന്ന് മന്ത്രി കെഎം മാണി പറഞ്ഞു.
ജനസംഖ്യാനുപാതികമായി സംസ്ഥാന വിഹിതം നല്‍കുകയാണെങ്കില്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധനയുണ്ടാവും. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ (2000-05) കേരളത്തിന് ശുപാര്‍ശ ചെയ്‌ത വിഹിതം 3.5 ശതമാനമായിരുന്നു. പന്ത്രണ്ടാം കമ്മീഷന്‍ (2005-10) 2.66 ശതമാനം ശുപാര്‍ശ ചെയ്‌തു. പതിമൂന്നാം കമ്മീഷന്‍ (2010-15) 2.34 ശതമാനം ശുപാര്‍ശ ചെയ്‌തു. ഓരോ തവണയും വിഹിതം കുറഞ്ഞുവരികയാണ്. ഇത്തവണയെങ്കിലും ഇത് ആവര്‍ത്തിക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു.
ജനസംഖ്യക്ക് 25 ശതമാനവും സാമ്പത്തിക ശക്തിക്ക് 47 ശതമാനവും ഭൂവിസ്‌തൃതിക്ക് 10 ശതമാനവും സാമ്പത്തിക അച്ചടക്കത്തിന് 17 ശതമാനവുമാണ് കേന്ദ്ര ധനകാര്യ കമ്മീഷന്‍ പരിഗണന നല്‍കുന്നത്. കമ്മിഷന്‍ അനുവര്‍ത്തിക്കുന്ന ചില മാനദണ്ഡങ്ങള്‍ കേരളത്തിന് ദോഷകരമാണ്.
ഏതെങ്കിലും പ്രത്യേക സംസ്ഥാനം പ്രത്യേക സാഹചര്യം അഭിമുഖീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് ഗ്രാന്റ് അനുവദിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിഹിതം കണക്കാക്കുമ്പോള്‍ നീതി നിഷ്‌ഠവും തുല്യവുമായിരിക്കണം. വിഭവശേഷി വര്‍ധിപ്പിച്ചത് കേരളത്തിന്റെ കുഴപ്പമല്ല. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളില്‍ ധനകാര്യ കമ്മീഷന്‍ ഇടപെടുന്നത് ശരിയയെന്നും മന്ത്രി കെഎം മാണി പറഞ്ഞു.
കമ്മീഷനു മുമ്പില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നതിന് ധനമന്ത്രി കെഎം മാണി ചെയര്‍മാനായി സമിതിക്ക് രൂപം നല്‍കി. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക്, മുന്‍ കേന്ദ്ര റവന്യൂ സെക്രട്ടറി എം.ആര്‍ ശിവരാമന്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയി, ആസൂത്രണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, എക്‌സ്‌പെന്‍ഡിച്വര്‍ സെക്രട്ടറി, റിസോഴ്‌സസ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം ഗിരീഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. ആദ്യയോഗം ബുധനാഴ്‌ച ചേര്‍ന്നു.