പോസ്റ്റല്‍ സേവിങ്‌സ് എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകളുടെ പാര
സര്‍വീസ് ചാര്‍ജില്ലെന്ന കാരണത്താല്‍ പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്കിനും ഇതിന്റെ എടിഎം കാര്‍ഡുകള്‍ക്കും ജനപ്രീതി കൂടിയതോടെ ബാങ്കുകള്‍ കൂട്ടമായി തപാല്‍ വകുപ്പിനു 'പണി' കൊടുത്തു.
നിശ്ചിത പരിധിയിലധികം ഇടപാടുകള്‍ക്കായി വാണിജ്യ ബാങ്കുകളുടെ എടിഎമ്മുകളില്‍ തപാല്‍ വകുപ്പിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ അധികമുള്ള ഓരോ ഇടപാടിനും 23 രൂപ വീതം സര്‍വീസ് ചാര്‍ജ് നല്‍കണം. പണം പിന്‍വലിക്കുന്നതിനു പുറമെയുള്ള ഇടപാടുകള്‍ക്കും ഇതു ബാധകമാണ്.
കഴിഞ്ഞ 22 മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നതായി തപാല്‍ വകുപ്പിന്റെ എടിഎം യൂണിറ്റുകളുടെ ചുമതലയുള്ള ബെംഗളൂരുവിലെ സാങ്കേതിക വിഭാഗം തപാല്‍ ഓഫിസുകളെ അറിയിച്ചു. അതേസമയം, പോസ്റ്റ് ഓഫിസുകളിലെ എടിഎമ്മുകളില്‍ പരിധിയില്ലാതെ ഇടപാടുകള്‍ നടത്താം. എങ്കിലും ഇവ എണ്ണത്തില്‍ കുറവാണെന്നതിനാല്‍ സേവനങ്ങള്‍ക്കു പരിമിതിയുണ്ട്.
50 രൂപ ഉണ്ടെങ്കില്‍ പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് തുടങ്ങാമെന്നതും എടിഎം കാര്‍ഡ് ലഭിക്കുമെന്നതും ഒട്ടേറെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. ബാങ്കുകള്‍ ഇടപാടുകള്‍ക്കു പരിധി നിശ്ചയിച്ചതോടെ പോസ്റ്റല്‍ സേവിങ്‌സ് അക്കൗണ്ട് ഉടമകളുടെ എണ്ണവും ഈയിടെ വര്‍ധിച്ചു.
ബാങ്കുകളുടെ എടിഎമ്മുകളിലും തപാല്‍ എടിഎം കാര്‍ഡുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാമെന്നതും സവിശേഷതയായിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ എടിഎമ്മുകളുടെ സാങ്കേതികകാര്യങ്ങളുടെ ചുമതലയുള്ള ഏജന്‍സികളോട് ഈ സൗജന്യ സേവനം നിര്‍ത്താന്‍ വിവിധ ബാങ്കുകളുടെ ഉന്നത അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha