മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം, മന്ത്രിസ്ഥാനം നഷ്‌ടപ്പെടുമോ?
അനധികൃതമായി റേഷന്‍ ഡിപ്പോകള്‍ അനുവദിച്ചെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
അനധികൃതമായി റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍ , താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുമായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ പരാതി നല്‍കിയത്.
പാരാതിയുടെ പുറത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രില്‍ 17-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
മന്ത്രി അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ ബിജു മറ്റപ്പള്ളി, സി.മോഹനന്‍പിള്ള, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍, കോട്ടയം മുന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ശ്രീലത എന്നിവര്‍ക്കെതിരെ അഴിമതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഡ്വ.പോള്‍ കെ.വര്‍ഗീസ് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുന്‍ കോട്ടയം ഡി.എസ്.ഒ. ശ്രീലതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി. ശ്രീലതയുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി.യും തെളിവായി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha