ആലുവ പെരിയാര്‍ തീരത്തെ മഴവില്‍ റസ്റ്റോറന്റ് സര്‍ക്കാര്‍ പൊളിച്ചു മാറ്റുന്നു
പരിസ്ഥിതി നിയമം ലംഘിച്ച് പെരിയാര്‍ തീരത്ത് നിര്‍മ്മിച്ച ക്ലബ് നയണ്‍ എന്ന പേരിലുള്ള മഴവില്‍ റസ്റ്റോറന്റ് പെളിച്ചു മാറ്റാന്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് എ.ഡി.എം രാമചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് റസ്റ്റോറന്റ് പൊളിക്കുന്നത്.
പെരിയാറിന്റെ തീരത്ത് അനധികൃതമായി നിര്‍മ്മിച്ച റസ്റ്റോറന്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്ന് കോടതി , കോടതിയലക്ഷ്യ നടപടികളിലേയ്‌ക്ക് നീങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനു മുമ്പ് റസ്റ്റോറന്റ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റാനാണ് ശ്രമമെന്ന് എഡിഎം രാമചന്ദ്രന്‍ പറഞ്ഞു.
2009 ല്‍ പണി പൂര്‍ത്തിയായ കെട്ടിടം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് ചൂണ്ടികാട്ടി പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകനായ സീതാരാമനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പെരിയാറിലെ ഏക്കല്‍ അടിഞ്ഞുണ്ടായ സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം അംഗീകരിച്ച സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് റസ്റ്റോറന്‌റ് പെളിച്ചു മാറ്റാന്‍ ഉത്തരവിട്ടിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുകയായിരുന്നു. ജനുവരി 28 ന് സര്‍ക്കാരിന്റെ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം കോടതി ഫെബ്രുവരിയില്‍ ഒരു നിമിഷം പോലും വൈകാതെ റസ്റ്റോറന്റ് പൊളിച്ചു മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് വന്നിട്ടും നടപടികളൊന്നുമുണ്ടാകാത്തതിനെ കോടതി നിശിതമായി വിമര്‍ശിക്കുകയും കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുകയും ചെയ്‌തിരുന്നു.
സംസ്ഥാനത്തിന് സാധിക്കില്ലെങ്കില്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ കേന്ദ്രസേനയെ ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha