കൊടും ഭീകരര്‍ക്ക് കേരളത്തില്‍ കൈയയച്ച് സഹായം ; സൂക്ഷിക്കണമെന്ന് കേന്ദ്രം
കേരളത്തില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് ഒളിത്താവളമൊരുക്കാന്‍ പ്രാദേശിക കൂട്ടായ്‌മകള്‍ സജീവമാണെന്ന് കേരള പോലീസ്. പ്രമുഖ രാഷ്‌ട്രീയ കക്ഷികളില്‍ പോലും തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായും പോലീസ് സംശയിക്കുന്നു.
ഇന്ത്യന്‍ മുജാഹിദീന്‍ അംഗവും പാക്‌ഭീകരനുമായ വഖാസ് അഹമ്മദ് ഇടുക്കിയിലെ മൂന്നാറില്‍ മൂന്നു മാസം തങ്ങിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് . തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചുരുളഴിഞ്ഞത്. എന്നാല്‍ മൂന്നാറില്‍ എവിടെയാണ് വഖാസ് തങ്ങിയതെന്നുള്ള വിവരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മൂന്നാറില്‍ നിരവധി ഹോംസ്റ്റേഹൗസുകളും ഹോട്ടലുകളുമുണ്ട്. ഇവിടെ എവിടെ വേണമെങ്കിലും ഭീകരര്‍ക്ക് താമസിക്കാം. ഇത്തരത്തില്‍ താമസിക്കാനെത്തുന്നവരുടെ യാതൊരു വിശദാംശങ്ങളും പോലീസിനോ കെട്ടിടം ഉടമകള്‍ക്കോ ആരും നല്‍കാറില്ല. അതിഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് ക്രീയാത്മകമായ സംവിധാനവുമില്ല.
രാജ്യത്തെ ഉന്നതരായ നേതാക്കളെയാണ് വഖാസ് ലക്ഷ്യമിട്ടത്. കേരളത്തില്‍ നിന്നും വഖാസ് ബീഹാറിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. പ്രാദേശിക തലത്തില്‍ സുദൃഢമായ ബന്ധങ്ങളില്ലാതെ ഒരാള്‍ക്ക് ഒരിടത്തും താമസിക്കാനാവില്ല. അങ്ങനെ ബന്ധങ്ങളുണ്ടെങ്കില്‍ അവര്‍ തീവ്രവാദികളായിരിക്കും. കേരളത്തില്‍ വഖാസിന് ഒളിത്താവളമൊരുക്കിയത് മലയാളികളാണെന്നും ഡല്‍ഹി പോലീസ് പറയുന്നു. മൂന്നാറില്‍ മാത്രമല്ല തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലും ഭീകരരെ താമസിപ്പിക്കാന്‍ പ്രാദേശിക സംഘങ്ങള്‍ സജീവമാണെന്നാണ് കേരള പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരം.
വഖാസിനൊപ്പം മൂന്നാറില്‍ താമസിച്ചവരില്‍ ഒരാള്‍ ബീഹാര്‍ സ്വദേശിയാണ്. ഇന്ത്യന്‍ മുജാഹുദീന്‍ അംഗമാണ് ഇദ്ദേഹം. പട്‌നയില്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ട ഭീകരസംഘടനയ്‌ക്ക് കേരളത്തില്‍ ഒളിവില്‍ താമസിച്ചവരുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലെത്തുന്ന ദേശീയ നേതാക്കള്‍ക്ക് സവിശേഷമായ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദി അക്രമങ്ങള്‍ കേരളത്തില്‍ സാധാരണമല്ലാത്തതിനാല്‍ കേരളത്തില്‍ അക്രമപരമ്പര നടക്കാന്‍ എളുപ്പമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. നരേന്ദ്രമോഡിയെയാണ് ഇവര്‍ പുതുതായി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.
തീവ്രവാദികള്‍ക്ക് പ്രാദേശിക സഹായം നല്‍കുന്നവരെ കുറിച്ച് വിവരങ്ങളറിയാന്‍ കേരള പോലീസ് വല വിരിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha