ജോസ് കെ. മാണിയുടെ പത്രിക സ്വീകരിച്ചു
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക സ്വീകരിച്ചു. രാത്രി പതിനൊന്നുവരെ നീണ്ട ചര്‍ച്ചയ്‌ക്കുശേഷം വരണാധികാരിയായ ജില്ലാ കലക്‌ടര്‍ അജിത് കുമാറാണു പത്രിക സ്വീകരിച്ചത്.
നേരത്തേ പത്രികയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫും ബി.ജെ.പിയും നല്‍കിയ പരാതികള്‍ വരണാധികാരി തള്ളിയിരുന്നു. അതേത്തുടര്‍ന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്കെതിരേ പുതിയ പരാതിയുമായി ഇടതുനേതാക്കളും ബി.ജെ.പിയും രംഗത്തുവരികയായിരുന്നു. ഈ പരാതിയാണു മാരത്തണ്‍ ചര്‍ച്ചയ്‌ക്കുശേഷം ഇന്നലെ നിരസിച്ചത്.
ജോസ് കെ. മാണിയുടെ പരാതിയില്‍ ഒപ്പിട്ട കെ.എം. മാണി താന്‍ മന്ത്രിയാണെന്ന കാര്യം മറച്ചുവച്ചെന്നും ഇതു തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്നുമാണ് ഇടതു നേതാക്കളുടെ പുതിയ ആരോപണം. കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനപ്രകാരം ചെയര്‍മാന്‍ സ്‌ഥാനവും മന്ത്രിസ്‌ഥാനവും ഒരുമിച്ച് വഹിക്കാന്‍ കഴിയില്ലെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് അടക്കമുളളവരുടെ വാദം.
എന്നാല്‍ കെ.എം. മാണി നേതാവായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും പി.ജെ. ജോസഫ് ചെയര്‍മാനായ ജോസഫ് ഗ്രൂപ്പും ഔദ്യോഗികമായി ലയിച്ച ശേഷം ഇരു പദവികളും ഒരുമിച്ച് വഹിക്കാമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ലയനശേഷം കെ.എം. മാണി ചെയര്‍മാനായും പി.ജെ. ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമായി പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷമാണു പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്.
കഴിഞ്ഞ ദിവസം പത്രിക സൂക്ഷ്‌മപരിശോധനയ്‌ക്കിടെയാണ് ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രികയ്‌ക്കെതിരേ ഇടതു സ്‌ഥാനാര്‍ഥിയും ബി.ജെ.പി. സ്‌ഥാനാര്‍ഥിയും രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച ലിസ്‌റ്റ് അനുസരിച്ച് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സി.എഫ്. തോമസ് ആണെന്നും എന്നാല്‍ പത്രികയില്‍ ചെയര്‍മാന്‍ എന്ന പേരില്‍ ഒപ്പിട്ടിരിക്കുന്നത് കെ.എം. മാണിയാണെന്നുമായിരുന്നു ഇവരുടെ വാദം. കേരള കോണ്‍ഗ്രസുകാരനായിരുന്ന ബി.ജെ.പി. സ്‌ഥാനാര്‍ഥി നോബിള്‍ മാത്യുവാണ് ആരോപണമുന്നയിച്ചത്. പിന്നാലെ ഇടതു സ്‌ഥാനാര്‍ഥിയും രംഗത്തെത്തി.
കെ.എം. മാണിയാണു പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചെയര്‍മാനെന്നു തെളിയിക്കുന്ന രേഖകള്‍ യു.ഡി.എഫ്. ഇന്നലെ രാവിലെ തന്നെ ഹാജരാക്കിയതിനാല്‍ പത്രിക സ്വീകരിക്കാവുന്നതാണെന്നു കലക്‌ടര്‍ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha