ഇത് സുവര്‍ണാവസരം... എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നുണപ്രചരണം മാത്രമാണ് പേയ്‌മെന്റ് സീറ്റ്, പന്ന്യന്‍ മനസ് തുറക്കുന്നു
എല്‍.ഡി.എഫിന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുവര്‍ണാവസരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കഴിഞ്ഞ തവണ പൊന്നാനി സീറ്റിനെ ചൊല്ലി സി.പി.എമ്മുമായി ഉണ്ടായ തര്‍ക്കം തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചിരുന്നു. ഇത്തവണ മുന്നണിയില്‍ അങ്ങനെയുള്ള യാതൊരു പ്രശ്‌നങ്ങളുമില്ല. മുന്‍കാലങ്ങളില്‍ മുന്നണിയുമായി അകന്നു നിന്ന വിവിധ സംഘടനകളും ജനവിഭാഗങ്ങളും ഞങ്ങള്‍ക്കൊപ്പം അണിനിരക്കുന്നു. അതാണ് ഞങ്ങളുടെ ആത്മവിശ്വാസം- അദ്ദേഹം പറഞ്ഞു.
ആര്‍എസ് പി മുന്നണിവിട്ടത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ?
അതില്‍ ഞങ്ങള്‍ക്കെല്ലാം വ്യക്തിപരമായി വിഷമമുണ്ട്. കേവലം ഒരു സീറ്റിനു വേണ്ടിയാണ് 30 വര്‍ഷത്തെ ബന്ധം അവര്‍ അവസാനിപ്പിച്ചത്. രാഷ്ട്രീയമായ കാര്യങ്ങളാല്‍ മുന്നണി വിട്ടിരുന്നെങ്കില്‍ ഇത്രയും പ്രയാസം ഉണ്ടാകില്ലായിരുന്നു. 2009ല്‍ പൊന്നാനി സീറ്റ് തര്‍ക്കം വന്നപ്പോള്‍ ഞങ്ങള്‍ 20 സീറ്റിലും മല്‍സരിക്കുമെന്ന നിലപാടാണ് അന്നത്തെ സി.പി.ഐ സെക്രട്ടറി വെളിയം ഭര്‍ഗവന്‍ സ്വീകരിച്ചത്. അതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. കൊല്ലം സീറ്റ് സംബന്ധിച്ച് ആറ് മാസം മുമ്പ് എല്‍ഡിഎഫിന് കത്ത് നല്‍കിയെന്നാണ് ആര്‍എസ്.പി പറയുന്നത്. എന്നാല്‍ സി.പി.ഐക്ക് അതെക്കുറിച്ച് യാതൊരറിവും ഇല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ ഉന്നയിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ മുന്നണി തീരുമാനിച്ചിരുന്നു. പക്ഷെ, അതിന് മുമ്പ് അവര്‍ യു.ഡി.എഫിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചിരുന്നു.
എല്‍ഡിഎഫ് ചിലയിടത്ത് പേമന്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന് ആക്ഷേപമുണ്ടല്ലോ?
ശുദ്ധ അസംബന്ധം, അല്ലാതെന്ത് പറയാന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നുണപ്രചരണം മാത്രമാണത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പോലും തോല്‍ക്കുമെന്ന ഭയത്തിലാണ്. തിരുവനന്തപുരം സീറ്റില്‍ അവര്‍ക്ക് പ്രത്യേകിച്ചൊരു അങ്കലാപ്പുണ്ട്. 2009ല്‍ സി.പി.ഐയുടെ പി.രാമചന്ദ്രന്‍ നായര്‍ തോറ്റത് നീലലോഹിതദാസന്‍ നാടാര്‍ സ്വതന്ത്രനായി മല്‍സരിച്ചത് കൊണ്ടാണ്. അദ്ദേഹത്തിനന്ന് 84,000 വോട്ട് കിട്ടി. രാമചന്ദ്രന്‍ നായര്‍ക്ക് കിട്ടിയ രണ്ട് ലക്ഷത്തി ഇരുപത്താറായിരം വോട്ടും നീലലോഹിതദാസന്‍ നാടാര്‍ക്ക് കിട്ടിയ വോട്ടും എല്‍.ഡി.എഫിന്റെ മാത്രം വോട്ടുകളാണ്. നീലന്‍ അന്ന് മല്‍സരിച്ചില്ലായിരുന്നെങ്കില്‍ തരൂര്‍ തോറ്റേനെ.
സോളാര്‍ അഴിമതി തന്നെയാണോ പ്രധാന തെരഞ്ഞെടുപ്പ് വിഷയം?
അത് മാത്രമല്ല, ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ആറന്‍മുള വിമാനത്താവള പദ്ധതി, വിലക്കയറ്റം, കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരുടെ ഭരണപരാജയം, ഇതെല്ലാം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha