കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതിനുശേഷമേ കേരളത്തില്‍ പങ്കാളിത്തപെന്‍ഷനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കൂ.
ഇതില്‍ ഏത് ഏജന്‍സിയെ വേണമെങ്കിലും ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് പണിമുടക്കുന്ന സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നത് പി.എഫ്.ആര്‍.ഡി.എ. യുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ്. ഇതല്ലാതെ മറ്റ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കേന്ദ്രത്തോട് സംസ്ഥാനം അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷമേ, സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടാകുമോ എന്നതില്‍ വ്യക്തതവരൂ. ഇതനുസരിച്ചാവും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക. പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥയിലൂടെ പെന്‍ഷനാവുമ്പോള്‍ ഫണ്ടിന്റെ 60 ശതമാനം പിന്‍വലിക്കാന്‍ സംസ്ഥാനത്തും അനുവദിക്കും. കേരളത്തില്‍ പങ്കാളിത്തപെന്‍ഷനോടൊപ്പം ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതനിയമനം വരെ കുടുംബത്തിന് സമാശ്വാസം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പുതുതായി നിയമനം കിട്ടുന്നവര്‍ക്ക് ഈ ഏപ്രില്‍ മുതല്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പങ്കാളിത്തപെന്‍ഷന്‍ തത്വത്തില്‍ അംഗീകരിച്ചതിന്റെ ഉത്തരവാണ് ഇറങ്ങിയത്.
https://www.facebook.com/Malayalivartha