25 ദിവസം പ്രായമായ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നാണയവും റബ്ബറും പേനാ അടപ്പും കണ്ടെത്തി
ജനിച്ച് 25 ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ഒരു രൂപ നാണയവും അന്നനാളത്തില്‍ നിന്ന് റബ്ബറിന്റെ കഷണവും സ്‌കെച്ച് പേനയുടെ അടപ്പും പുറത്തെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്‌ച രാവിലെ വീഡിയോ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഇവ പുറത്തെടുത്തത്. ന്യൂമോണിയ ബാധിച്ച കുഞ്ഞിപ്പോള്‍ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലാണ്. എങ്ങനെയാണ് ഇതെല്ലാം കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ പ്രവേശിച്ചതിനെ കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.
ആലപ്പുഴ കലവൂരിലെ ശ്രീജിത്തിന്റേയും ശ്രീരേഖയുടേതുമാണ് കുഞ്ഞ്. ഈ മാസം മൂന്നിന് ആലപ്പുഴ കടപ്പുറത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ശ്രീരേഖ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞ് പാല്‍കുടിക്കാതിരിക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും പനി പിടിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നു. തുടര്‍ച്ചയായ എക്‌സറേ പരിശോധനയിലാണ് ശ്വാസനാളത്തിലും അന്നനാളത്തിലും എന്തോ കുടുങ്ങികിടക്കുന്നതായി കണ്ടത്. കുട്ടികളുടെ ശസ്‌ത്രക്രീയാവിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. എം.കെ. അജയകുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച രാവിലെ രണ്ടു മണിക്കൂര്‍ കൊണ്ടാണ് നാണയവും മറ്റും വീഡിയോ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha