30 ദിവസത്തിനകം ടാക്‌സ് അടയ്ക്കാത്ത വാഹനങ്ങള്‍ ലേലം ചെയ്യും
മോട്ടോര്‍ വാഹന വകുപ്പിലെ പരിഷ്‌കരിച്ച നികുതി ഘടന അടുത്തമാസം നിലവില്‍വരും. പുതിയ ഓട്ടോറിക്ഷകള്‍ക്കും പുറമേ പഴയ മോട്ടോര്‍ സൈക്കിളുകള്‍ , മോട്ടോര്‍ കാറുകള്‍ സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ എന്നിവക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവിലേക്ക് നികുതി സ്വീകരിക്കില്ല. എന്നാല്‍ പഴയ ഓട്ടോറിക്ഷകള്‍ക്ക് വാഹന ഉടമകളുടെ ഇഷ്ടാനുസരണം ഒരു വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ ടാക്‌സ് അടയ്ക്കാവുന്നതാണെന്ന് ഇത് സംബന്ധിച്ച് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
നികുതി അടയ്ക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളുടെ ടാക്‌സ് വാഹനം പിടിച്ചെടുത്ത് 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍, വാഹനം ലേലം ചെയ്ത് സര്‍ക്കാരിന് ലഭിക്കേണ്ട നികുതി ഈടാക്കണം. വാഹന നികുതി അടയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ള കാലാവധിയും കഴിഞ്ഞ് ആറ് മാസത്തില്‍ കൂടുതല്‍ നികുതി കുടിശിക വരുത്തുന്ന വാഹന ഉടമയില്‍ നിന്നും നികുതിയും 50 ശതമാനം അഡിഷണല്‍ ടാക്‌സും ഈടാക്കണം. ഇതോടെപ്പം നികുതി തുകക്ക് മേല്‍പ്പറഞ്ഞ ആറ് മാസം കഴിഞ്ഞിട്ടുള്ള കാലത്തേക്ക് 12 ശതമാനം വാര്‍ഷിക പലിശ കൂടി ഈടാക്കും.
നിലവില്‍ വാഹനങ്ങളുടെ പര്‍ച്ചേസ് വാല്യു എന്നത് വാഹനത്തിന്റെ വിലയോടൊപ്പം വാറ്റ്, സെസ്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ കൂടി ഉള്‍പെടുത്തിയിട്ടുള്ള വിലയാണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ പര്‍ച്ചേസ് വാല്യു എന്നത് വാറ്റും സെസും ഒഴിവാക്കിയുള്ള വാഹനത്തിന്റെ വിലയായിരിക്കും. അന്യരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പര്‍ച്ചേസ് വാല്യു എന്നത് വാറ്റ്, സെസ്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ ഒഴിവാക്കിയുള്ള വിലയായിരിക്കും. ഈ വിലകളുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ നികുതിയായിരിക്കും ഈടാക്കുക.
സ്വാകര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ (നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍) പഴയ കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, പഴയ ലക്ഷ്വറി ടാക്‌സികള്‍ എന്നിവയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് മാത്രമേ ടാക്‌സ് സ്വീകരിക്കാന്‍ പാടുള്ളു. ലക്ഷ്വറി ടാക്‌സികള്‍ ഏപ്രിലിന് ശേഷമുള്ള കാലയളവിലേക്ക് ടാക്‌സ് അടച്ചിട്ടുണ്ടെങ്കില്‍ അവര്‍ എപ്പോള്‍ ടാക്‌സ് അടയ്ക്കുവാന്‍ സമീപിച്ചാലും അവരില്‍ നിന്ന് ഏപ്രില്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള ബാക്കി നികുതി കൂടി ഈടാക്കണം.
ഏപ്രില്‍ ഒന്ന് മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി ഓഫീസില്‍ നേരിട്ട് സ്വീകരിക്കുമ്പോള്‍ തുക പണമായി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha