ഹരിപ്പാടിനടുത്ത് ബസ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

ഹരിപ്പാട് ദേശീയപാതയില്‍ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനു സമീപം കാറില്‍ ബസ് ഇടിച്ചു കുടുംബാംഗങ്ങളും അയല്‍വാസിയുമടക്കം അഞ്ചു പേര്‍ മരിച്ചു. ഓച്ചിറ ക്ലാപ്പന സിപി ബംഗ്ലാവില്‍ മുഹമ്മദ് കുഞ്ഞ് (72) ഭാര്യ (67) മകന്‍ ജഹാദിന്റെ ഭാര്യ ഫെമിന (30) മുഹമ്മദ് കുഞ്ഞിന്റെ സഹോദരി മറിയുമ്മ (80) കാര്‍ ഓടിച്ചിരുന്ന അബ്‌ദുല്‍ ലത്തീഫ് (44) എന്നിവരാണ് മരിച്ചത്. ഫെമിനയുടെ മൂന്നു വയസുകാരി മകള്‍ നഷ്വയെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഹരിപ്പാട് മുട്ടത്തു,ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് പോകുകയായിരുന്നു കാറിലുളളവര്‍. ബാംഗ്ലൂര്‍ കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്ലട മള്‍ട്ടി ആക്‌സില്‍ ടൂറിസ്റ്റ് ബസ് അമിതവേഗത്തില്‍ കെ.എസ്.ആര്‍.ടിസി. ബസിനെ മറികടക്കവേ എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിച്ചശേഷം കാല്‍ കിലോമീറ്റര്‍ അകലെയാണ് ബസ് നിര്‍ത്തിയത്. ഡ്രൈവറടക്കം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പൂര്‍ണമായി തകര്‍ന്ന കാര്‍ രണ്ടടിയോളം താഴെ പഴയ റോഡിലേക്കു വീണു.
നഷ്വ പുറത്തേക്ക് തെറിച്ചു വീണു. അബ്‌ദുള്‍ ലത്തീഫും നബീസയും ഫെമിനയും സ്ഥലത്തുവച്ചു തന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് അഗ്നിശമനസേന ഇവരെ പുറത്തെടുത്തത്. മുഹമ്മദ് കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്. മറിയുമ്മ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ മരിച്ചു. മുഹമ്മദ് കുഞ്ഞിന്റെ കാര്‍ ഓടിക്കാന്‍ സമീപവാസിയായ അബ്‌ദുള്‍ ലത്തീഫിന്റെ സഹായം തേടുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha