സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധി തിരുത്തി; ധര്‍മ്മരാജന് ജീവപര്യന്തം, 23 പ്രതികള്‍ക്ക് തടവ്
സൂര്യനെല്ലി കേസില്‍ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. മുഖ്യപ്രതി ധര്‍മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് നാലുമുതല്‍ 13 വര്‍ഷം വരെയും, തടവിനും ശിക്ഷിച്ചു.പ്രതികള്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പ്രത്യേക വിചാരണക്കോടതി ശിക്ഷിച്ച പ്രതികളെ വെറുതേവിട്ട ഹൈക്കോടതിവിധി സുപ്രീം കോടതി അസ്ഥിരപ്പെടുത്തുകയും വീണ്ടും വാദം കേള്‍ക്കാനായി ഹൈക്കോടതിയിലേയ്‌ക്ക് അയയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, എംഎല്‍ ജോസഫ്, ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരി പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടു പോകുകയും, തുടര്‍ന്ന് നാല്‌പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
1996ല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍വച്ചു നടന്ന പീഡനത്തില്‍ 42ഓളം പേര്‍ ഉള്‍പ്പെട്ടിരുന്നു. പീരുമേട് സെഷന്‍സ് കോടതിയില്‍ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്‌ക്ക് മാറ്റി.
കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയും പ്രധാനപ്രതിയായ ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറയ്ക്കുകയും ചെയ്ത മുമ്പത്തെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുത്തിയത്. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി വീണ്ടും അപ്പീലുകള്‍ പരിഗണിച്ചതും ശിക്ഷ ശരിവെച്ചതും.
https://www.facebook.com/Malayalivartha