സിനിമാസ്റ്റെലിലെ മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടിചോര്‍
സെക്യൂരിറ്റി അലാറവും നിരീക്ഷണ ക്യാമറകളും റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് തിരുവനന്തപുരത്തെ ഒരു വീട്ടില്‍ നിന്ന് അതിവിദഗ്ധമായി 30 ലക്ഷം രൂപ വില വരുന്ന കാറും രണ്ടുലക്ഷം രൂപ വിലവരുന്ന ഇലക്‌ട്രോണിക് ഉല്പന്നങ്ങളും കവര്‍ന്നത് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറാണെന്ന് പോലീസ് പറയുന്നു.
തിരുവനന്തപുരം മരപ്പാലം ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷനിലെ വിഷ്ണുഭവനിലെ കെ.വേണുഗോപാലന്‍ നായരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചെത്തികുളങ്ങരയിലെ ഒരു ലോഡ്ജിലാണ് മോഷണത്തിന് മുന്നൊരുക്കങ്ങളുമായി ഇയാള്‍ തങ്ങിയിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം ഒരു കാര്‍ മോഷണം പോയതിന് പിന്നിലും ബണ്ടിചോര്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ ഇയാള്‍ എത്തിയത്.
ജി.പി.എസ്. സംവിധാനമുള്ള ആഡംബര കാറാണ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഗേറ്റ് തുറന്ന് കടത്തിക്കൊണ്ട് പോയത്. ജനാലയുടെ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിനു മുന്നിലെ അലാറം കേടാക്കിയ നിലയിലാണ്.
ജി.പി.എസ്. സംവിധാനമുള്ള കാര്‍ കണ്ടെത്താം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മോഷ്ടാക്കള്‍ ഈ സിസ്റ്റം തകരാറിലാക്കിയാല്‍ എളുപ്പമാവില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
സ്വീകരണ മുറിയിലായിരുന്നു കാറിന്റെ താക്കോലും ലാപ്‌ടോപ്പും ഇരുന്നത്. വേണുഗോപാലന്‍നായരുടെ ഭാര്യാമാതാവ് കിടന്നുറങ്ങിയ മുറിയിലാണ് മൊബൈലുകളിരുന്നത്. ഈ മുറി തുറന്ന് കിടന്നതിനാല്‍ ഇതിനകത്ത് മോഷ്ടാക്കള്‍ക്ക് നിഷ്പ്രയാസം കടക്കാന്‍ കഴിഞ്ഞു. മറ്റ് മുറികള്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടില്ല.
വീട്ടിനുള്ളില്‍ നിന്ന് വിലയേറിയ ലാപ്‌ടോപ്പ്, രണ്ട്‌മൊബൈല്‍ ഫോണുകള്‍, ഒരു മോതിരം, 2000 രൂപ എന്നിവയും മോഷണം പോയി. വീട്ടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്നു നിരീക്ഷണ ക്യാമറയും ഇളക്കിക്കൊണ്ടുപോയിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിവരെ വീട്ടിലുള്ളവര്‍ ഉറങ്ങിയിരുന്നില്ല. അതിനുശേഷമാവണം മോഷണം നടന്നത്. ജനാലയ്ക്കു കമ്പികളില്ലാതിരുന്നതിനാല്‍ ഗ്ലാസ് ഇളക്കി മാറ്റിയാകാം മോഷ് ടാവ് ഉള്ളില്‍ കയറിയതെന്ന് കരുതുന്നു.
വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞ ചിത്രം കണ്ടും വിരലടയാളം പരിശോധിച്ചതില്‍ നിന്നുമാണ് കുറ്റവാളി ബണ്ടിചോര്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്. ഇത് സ്ഥിരീകരിക്കാന്‍ സംസ്ഥാന പോലീസ് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട് വരികയാണ്.
രാജ്യത്താകമാനം 500 ലധികം മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. റോബിന്‍ഹുഡ് ശൈലിയില്‍ കാറുകള്‍ മോഷ്ടിച്ച് മുങ്ങുന്നതില്‍ വിരുതനാണ് ബണ്ടിചോര്‍. ഒന്ന് രണ്ട് തവണ പോലീസ് ഇയാളെ പിന്തുടര്‍ന്നെങ്കിലും അവരെ വെട്ടിച്ചു ഇയാള്‍ രക്ഷപെട്ടു. മൂന്നുതവണ പോലീസിന്റെ പിടിയിലായെങ്കിലും അപ്പോഴും അയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു.
അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഇയാളുടെ യഥാര്‍ഥ പേര് ദേവീന്ദര്‍ സിങ് എന്നാണ്. സിനിമയെ വെല്ലുന്ന കഥകളാണ് ബണ്ടിചോറിന്റെ മോഷണചരിത്രം. ഒമ്പതാം ക്ലാസോടെ പഠനം അവസാനിപ്പിച്ച ഇയാള്‍ക്ക് സ്വകാര്യ ഡിറ്റക്ടീവായി പ്രവര്‍ത്തിച്ച ഒരുകാലവുമുണ്ടായിരുന്നു.
ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നിവടങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ കേസുണ്ട്. ആഡംബര കാറുകളും വാച്ചുകളുമാണ് പ്രധാനമായും ഇയാളുടെ ലക്ഷ്യം. കാറുകളോടുള്ള ഭ്രമം പോലെതന്നെ സ്ത്രീവിഷയങ്ങളിലും ഇയാള്‍ പ്രസിദ്ധനാണ്. അഭയ് ഡിയോള്‍ നായകനായ ഒയേ ലക്കി ലക്കി ഒയേ എന്ന ബോളിവുഡ് ചിത്രം പോലും ബണ്ടിചോറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് നാലാം സീസണില്‍ വരെ ബണ്ടിചോര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ദേവീന്ദര്‍ സിങ് പങ്കാളിയായി.
https://www.facebook.com/Malayalivartha