അമൃതാനന്ദമയീമഠം വീണ്ടും വിവാദത്തില്‍;സത്‌നത്തിന്റെ മരണം സി.ബി.ഐക്ക്
മുന്‍ ശിഷ്യയുടെ പുസ്‌തകത്തിനു പിന്നാലെ മാതാഅമൃതാനന്ദമയീമഠം വീണ്ടും പ്രതിസന്ധിയിലാവുന്നു. അമൃതാനന്ദമയിയെ ആക്രമിച്ചുവെന്ന കേസില്‍ പിടിയിലാവുകയും പിന്നീട് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിക്കുകയും ചെയ്‌ത ബീഹാര്‍ സ്വദേശി സത്‌നം സിംഗിന്റെ മരണത്തെകുറിച്ച് കേരള ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. സത്‌നത്തിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് ഫയല്‍ ചെയ്‌ത കേസിന്റെ തുടര്‍നടപടി അടുത്ത ചൊവ്വാഴ്‌ച നടക്കും. ഇതു സംബന്ധിച്ച് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഫലം കണ്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സത്‌നത്തിന്റെ ശരീരത്തില്‍ 77 മുറിവുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് മരണത്തിന് 92 മണിക്കൂര്‍ മുമ്പുണ്ടായതാണെന്നാണ് ആരോപണം. അതായത് സത്‌നം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെടും മുമ്പ് മഠത്തില്‍ നിന്നുളള വിവരമനുസരിച്ച് കരുനാഗപ്പളളി പോലീസാണ് സത്‌നത്തെ ആദ്യമായി അറസ്റ്റ് ചെയ്‌തത്. കരുനാഗപ്പളളി സ്റ്റേഷനില്‍ നിന്നാണ് പീഡനമുണ്ടായതെന്ന്‌വ്യക്തം.ജസ്റ്റിസ് കെ. രാമകൃഷ്‌ണന്റെ ബെഞ്ചാണ് സത്‌നത്തിന്റെ കേസ് പരിശോധിക്കുന്നത്. എന്നാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം സി.ബി.ഐ അഭിഭാഷകന്‍ എതിര്‍ത്തു. ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സി.ബി.ഐ അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അപ്രതീക്ഷിത നിലപാടിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനാണ് സാദ്ധ്യത.
സത്‌നം സിംഗിന്റെ പിതാവ് ഫയല്‍ ചെയ്‌ത പരാതിയില്‍ സംശയത്തിന്റെ മറയില്‍ നിര്‍ത്തുന്നത് അമൃതാനന്ദമയീ മഠത്തെയാണ്. തന്റെ മകന്‍ മാനസിക രോഗിയല്ലെന്നും മാനസികരോഗിയാക്കി ചിത്രീകരിച്ചതാണെന്നും പരാതിയില്‍ പറയുന്നു. പഠിക്കാന്‍ മിടുക്കനായ മകന്‍ ആത്മീയതയില്‍ ഹരം കണ്ടെത്തി അമൃതാനന്ദമയീ മഠത്തിലെത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ചുരുക്കത്തില്‍ സത്‌നം, മഠത്തില്‍ കഴിഞ്ഞിരുന്ന കാലയളവിലുളള ദുരൂഹതകളെകുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. തന്റെ മകന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പരാതിയിലുണ്ട്. അമൃതാനന്ദമയിയെ തന്റെ മകന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവും സത്‌നത്തിന്റെ പിതാവ് നിഷേധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha