വീണ്ടും ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം പ്രതിസന്ധിയില്‍
മല്‍സരചിത്രങ്ങള്‍ മുഴുവന്‍ കാണാതെ സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി ചെയര്മാന് ഭാരതിരാജ മടങ്ങി. ഇതോടെ അവാര്‍ഡ് നിര്‍ണയം പ്രഹസനമായി. 85 സിനിമകളില്‍ ജൂറി ചെയര്മാന് കണ്ടത് വിരലിലെണ്ണാവുന്ന ചിത്രമാണ്. സ്ക്രീനിങ് തുടങ്ങിയതിന് പിറ്റേന്ന് തന്നെ ജൂറി ചെയര്മാന് ഭാരതിരാജ സ്ഥലം വിട്ടത് വിവാദമായിരുന്നു. മന്ത്രി ഇടപെട്ടാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത്.
85 ചിത്രങ്ങളുമായി കഴിഞ്ഞ മാസം 20 നാണ് സ്ക്രീനിങ് തുടങ്ങിയത്. ആദ്യ ദിവസം കാണാനിരുന്ന ജൂറി അധ്യക്ഷന്‍ ഭാരതിരാജ പിറ്റേന്ന് തന്നെ ചെന്നൈക്ക് മടങ്ങി. എന്നാല്‍ പുറത്തറിയിക്കാതെ ജൂറിയിലെ മറ്റംഗങ്ങള്‍ക്കായി സ്ക്രീനിങ് തുടര്‍ന്നു. വ്യക്തിപരമായ ഒരാവശ്യത്തിനുപോയ ജൂറി അധ്യക്ഷന്‍ തിരിച്ചെത്തി സിനിമകള്‍ മുഴുവന്‍ കാണുമെന്നും തുടര്‍ന്നേ ഫലപ്രഖ്യാപനം ഉണ്ടാകൂ എന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പറഞ്ഞപോലെ മുപ്പത്തിയൊന്നിന് തിരിച്ചെത്തിയ ജൂറി ചെയര്മാന് പക്ഷേ പകുതി സിനിമകള്‍ പോലും കാണാതെയാണ് സ്ക്രീനിങ് അവസാനിപ്പിച്ച് മടങ്ങിയത്. കാണാത്ത സിനിമകളുടെ ഡിവിഡി സംഘടിപ്പിച്ച് ഭാരതിരാജയ്ക്ക് നല്‍കാനാണ് ഇപ്പോള്‍ അക്കാദമിയുടെ ശ്രമം. എന്നാല്‍ അവാര്‍ഡിനെത്തിയ സിനിമകളില്‍ പലതിന്റേയും ഡിവിഡി കോപ്പി ഇറങ്ങിയിട്ടില്ല. മികച്ച സിനിമകള്‍ മത്സരിച്ച ഇത്തവണ അവാര്‍ഡ് നിര്‍ണയം വെറും ചടങ്ങായി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha